ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എ, ബി.ജെ.പിയിലേക്ക്

ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയ് ഉടന്‍ ബിജെപിയില്‍ ചേരും. ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായും കുല്‍ദീപ് ബിഷ്‌ണോയ് കൂടിക്കാഴ്ച നടത്തി.

ഇരുവരുടെയും രാജ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിസ്മയിപ്പിക്കുന്നതാണെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കുല്‍ദീപ് ബിഷ്‌ണോയ് ട്വീറ്റ് ചെയ്തു.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് എല്ലാ പദവികളില്‍ നിന്നും കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസ് നീക്കിയിരുന്നു.

ഇതേസമയം, ഗോവയില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നേതൃത്വം വിളിച്ച അടിയന്തര യോഗത്തില്‍ നിന്ന് ഏഴ് എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നു. നാല് എംഎല്‍എമാര്‍ മാത്രമാണ് യോഗത്തിനെത്തിയത്.

പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ബലപ്പെട്ടതിനിടെയാണ് നേതൃത്വം യോഗം വിളിച്ചത്. യോഗത്തിനെത്തിയില്ലെങ്കിലും എംഎല്‍എമാരെല്ലാം ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.