ഗുജറാത്ത് കലാപം; മോദിയുടെ ക്ലീന്‍ ചിറ്റിനെ എതിര്‍ത്ത് സാക്കിയ ജാഫ്രി സുപ്രീംകോടതിയില്‍

2002 ലെ ഗുജറാത്ത് കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഒരു അന്വേഷണവും കൂടാതെ നിഗമനങ്ങളില്‍ എത്തിച്ചേരുകയാണ് ചെയ്തതെന്ന് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയില്‍ പറഞ്ഞു. അന്വേണസംഘം കേസിലെ തെളിവുകള്‍ അവഗണിച്ചു. മൊഴികള്‍ രേഖപ്പെടുത്തുകയോ, ഫോണുകള്‍ പിടിച്ചെടുക്കുകയോ, ബോംബുകള്‍ എങ്ങനെ നിര്‍മ്മിച്ചുവെന്ന് പരിശോധിക്കുകയോ ചെയ്യാതെ കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്ന് സാക്കിയ ജാഫ്രി വാദിച്ചു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിനെ അവര്‍ എതിര്‍ത്തു. കഴിഞ്ഞ 20 വര്‍ഷത്തോളമായി നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് സാക്കിയ ജാഫ്രി.

അഹമ്മദാബാദില്‍ 2002 ഫെബ്രുവരി 28 ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ സാക്കിയയുടെ ഭര്‍ത്താവ് എഹ്സാന്‍ ജാഫ്രിയുമുണ്ടായിരുന്നു. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ച് കത്തിച്ച സംഭവത്തിന് ഒരു ദിവസം കഴിഞ്ഞാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപമുണ്ടായത്. ഗോധ്ര സംഭവത്തിൽ 59 പേരാണ് കൊല്ലപ്പെട്ടത് ഇതാണ് ഗുജറാത്ത് കലാപത്തിന് തിരി കൊളുത്തിയത്.

എന്നാല്‍ കലാപമുണ്ടായി ഒരു ദശാബ്ദത്തിന് ശേഷം 2012 ഫെബ്രുവരിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. സുപ്രീംകോടതി ഈ കേസില്‍ വാദം കേള്‍ക്കല്‍ ഒന്നിലധികം തവണ മാറ്റിവെച്ചിരുന്നു.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് സാക്കിയ ജാഫ്രിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ വാദിച്ചത്. താനും വര്‍ഗീയ കലാപത്തിന്റെ ഇരയാണെന്നും, 1947-ലെ ഇന്ത്യാ വിഭജനത്തിന് ശേഷമുണ്ടായ അക്രമത്തില്‍ തനിക്ക് അമ്മയുടെ മുത്തശ്ശിമാരെ നഷ്ടപ്പെട്ടിട്ടുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്നതിലും അപ്പുറമാണ് വിഷയം എന്ന് സിബല്‍ നേരത്തെ വാദിച്ചിരുന്നു. ക്രമസമാധാനം, ഭരണ പരാജയം എന്നിവയെ കുറിച്ചാണ് ജാഫ്രിയുടെ പോരാട്ടം. പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് ആളുകള്‍ കൊല ചെയ്യപ്പെട്ടത്. ഗുജറാത്തില്‍ നടന്നത് വലിയ ഗൂഢാലോചനയാണ്. ഇത് കൃത്യമായി അന്വേഷിക്കണം. ക്രമസമാധാനവും വ്യക്തികളുടെ അവകാശങ്ങളും സംബന്ധിച്ചതാണ് ഈ വിഷയമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടതിയും ഈ പ്രശ്‌നം പരിശോധിച്ചില്ലെങ്കില്‍ ആളുകള്‍ എവിടേക്ക് പോകുമെന്നും, കോടതി ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് റിപ്പബ്ലിക് നില കൊള്ളുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു.