ഗുജറാത്ത്; രാജി ഭീക്ഷണിയുമായി നിതിന്‍ പട്ടേല്‍, തന്‍റെ കൂടെ പോരാമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

ഗുജറാത്ത് ബി.ജെ.പി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകളെ ചൊല്ലി ഉടലെടുത്ത തര്‍ക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് തര്‍ക്കവുമായി രംഗത്തെത്തിയത്. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് നിതിന്‍ പട്ടേലിന്റെ ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും അദ്ദേഹം കത്തയച്ചു. ധനവകുപ്പും നഗരവികസനവും ലഭിക്കണമെന്നാണ് ആവശ്യം.

മന്ത്രിസഭ അധികാരമേറ്റ് മൂന്നു ദിവസത്തിനു ശേഷമാണ് വകുപ്പുവിഭജനം വന്നത്. മുന്‍പുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകള്‍ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം. എന്നാല്‍, ഈ വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന് നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. ചോദിച്ച വകുപ്പുകള്‍ മൂന്ന് ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് നിതിന്‍ പട്ടേല്‍ രൂപാണിയെ അറിയിച്ചിട്ടുള്ളത്.

അതേ സമയം രാജിവയ്ക്കുമെന്ന് പറഞ്ഞ നിതിന്‍ പട്ടേലിനെ ഹാര്‍ദ്ദിക് പട്ടേല്‍ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് സ്വാഗതം ചെയ്തു. പാര്‍ട്ടിയ്ക്ക് വേണ്ടി കഠിനാധ്വാനം നടത്തിയിട്ടും ബി.ജെ.പി പരിഗണിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് തങ്ങള്‍ക്കൊപ്പം ചേരാമെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. മുതിര്‍ന്ന നേതാവായ നിതിന്‍ പട്ടേലിനെ ബി.ജെ.പി ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹത്തോടൊപ്പം 10 എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഹാര്‍ദ്ദിക് പറഞ്ഞു. അവരെ സ്വാഗതം ചെയ്യാനും ഉചിതമായ സ്ഥാനങ്ങള്‍ നല്‍കാനും കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ഹാര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അനുകൂലമായ അന്തരീക്ഷമുണ്ടായാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത്സിങ് സോളങ്കി പറഞ്ഞു.