നിയമസഭയില്‍ മുഖ്യമന്ത്രി കേരളത്തിന്റെ നിലപാട് പറഞ്ഞു; ലോകസഭയില്‍ എതിര്‍ത്ത് കേന്ദ്രമന്ത്രി; ഗഡ്ഗരി-പിണറായി ബന്ധം തകര്‍ന്നത് എന്‍.എച്ചിലെ 'വലിയ വിലയില്‍'

കേരള നിയമസഭയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേശീയപാത അഥോറിട്ടിക്കെതിരെ തുറന്നടിച്ചതാണ് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയെ പ്രകോപിച്ചത്. അക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്രമന്ത്രി ഇന്ന് കേരളത്തിന് നേരെ തിരിഞ്ഞത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തുക ഇനി സംസ്ഥാനത്തിന് വഹിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.

ദേശീയ പാത വികസനം കേരളത്തിന് ലഭിക്കേണ്ട അവകാശമാണ്. ഭൂമി ഏറ്റെടുക്കലിനുള്ള തുക ഒരു സംസ്ഥാനവും വഹിക്കുന്നില്ല. സംസ്ഥാനത്തിന് ഇത് കഴിയില്ലെന്ന് അതോറിറ്റിയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. എല്ലാ പദ്ധതികള്‍ക്കും കേരളത്തിന്റെ വിഹിതമിങ്ങ് പോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാകില്ല.

ദേശീയപാത വികസനകാര്യത്തില്‍ മുമ്പ് ചില കാലതാമസമുണ്ടായി. സംസ്ഥാനത്തിനും ചില വീഴ്ചകളുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ ദേശീയപാത വികസിക്കുമ്പോഴും ഇവിടെ പഞ്ചായത്ത് റോഡിന്റെ സ്ഥിതിയിലായിരുന്നു. തുടര്‍ന്നാണ് 2016ല്‍ കേന്ദ്രത്തെ സമീപിക്കുന്നത്. കേരളത്തില്‍ ഭൂമിക്ക് വലിയ വിലയാണെന്നും സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കണം എന്നുമായിരുന്നു കേന്ദ്രനിലപാട്.

അത് സാധിക്കില്ല എന്ന് അറിയിച്ചു. ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയിലാണ് 25 ശതമാനം വഹിക്കാന്‍ തീരുമാനിച്ചത്. ഇത് കാലതാമസമുണ്ടാക്കിയതിന് നല്‍കേണ്ടി വന്ന പിഴയായിരുന്നു. എന്നാല്‍, അതൊരു സൗകര്യമായെടുത്ത് ഇനിയും അങ്ങനെ വേണമെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല.ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ ഫലപ്രദമായി തുടരുകയാണ്. എല്ലാ മാസവും അവലോകനം ചെയ്യുന്നുണ്ട്. ജനങ്ങളാകെ സഹകരിക്കുന്നുമുണ്ട്. ഈ ജനങ്ങളുടെ കൂട്ടത്തില്‍ ബിജെപിക്കാരും യുഡിഎഫുകാരുമുണ്ടെന്നും ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞരെുന്നു.

ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് പണം ചെലവഴിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസംെ വ്യക്തമാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കലിനായി 5,800 കോടി രൂപയാണ് ചെലവഴിച്ചത്. ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡുകള്‍ ആധുനിക നിലവാരത്തില്‍ മികച്ചതായിരിക്കണം എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതിനു മറുപടിയായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്ഗരി ഇന്നു ലോകസഭയില്‍ പറഞ്ഞത്. ദേശീയപാത നിര്‍മാണത്തെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക്ക ഉത്തരം പറയവേയാണ് അദേഹം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത നിര്‍മിക്കണമെങ്കില്‍ 100 കോടി രൂപയാണ് ചെലവ്. ദേശീയപാത വികസനത്തിന് ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ധാരണ ഉണ്ടാക്കിയിരുന്നു. പിന്നീട് പിണറായി ഒരു കാര്യം പോലും വ്യക്തമാക്കാതെ ധാരണയില്‍ നിന്നും പിന്മാറിയെന്നും ഗഡ്ഗരി പറഞ്ഞു. ഭൂമിയുടെ പണം ഇപ്പോള്‍ കേരളം നല്‍കുന്നില്ല. നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നത്. കേന്ദ്രമന്ത്രി കേരളത്തിലെ എംപിമാരെ ചൂണ്ടിയാണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്രരും സംസ്ഥാനവും ദേശീയപാത വികസനത്തില്‍ വീണ്ടും തമ്മില്‍ തല്ലുമ്പോള്‍ റോഡി കുരുക്ക് ഉടനൊന്നും അഴിയാന്‍ സാധ്യതയില്ല.

Read more

അതേസമയം, കേരളത്തില്‍ 40,453 കോടി രൂപയുടെ 12 ദേശീയ പാത വികസനപദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 403 കിലോമീറ്റര്‍ പുതിയ ദേശീയ പാതയാണ് നിര്‍മ്മിക്കുക. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ട്രാവന്‍കൂര്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത സഹമന്ത്രി ജനറല്‍ വി. കെ. സിംഗ് (റിട്ട), വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. 403 കിലോമീറ്ററിലെ വികസന പദ്ധതികള്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത്.