ഗുരുഗ്രാമിലെ ജുമുഅ തടയല്‍ ആരാധന സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം, പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തും; മുസ്ലിം ലീഗ് നേതൃയോഗം

ഹരിയാനയിലെ ഗുരുഗ്രാമില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ തടയുന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ മുസ്ലിം ലീഗ് പാര്‍ലമെന്റെറി പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ യോഗം വിളിച്ചു. വെള്ളിയാഴ്ച്ചകളിഋല്‍ നടക്കുന്ന ജുമുഅ നമസ്‌കാരം സാമൂഹിക വിരുദ്ധര്‍ തടസ്സപ്പെടുത്തുകയും നമസ്‌കാരം നടത്താന്‍ സമ്മതിക്കില്ല എന്ന് ഭീഷണി നല്‍കിയിരിക്കുകയും ആണെന്നാണ് പ്രദേശവാസികള്‍ യോഗത്തില്‍ പറഞ്ഞത്.

കഴിഞ്ഞ കുറേ ആഴ്ചകളായി ഗുരുഗ്രാമില്‍ ജുമുഅ നമസ്‌കാരം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഏകദേശം നാലര ലക്ഷം മുസ്ലിം ജനതയാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ ഇവിടെ നേരത്തെ ജുമുഅ നമസ്‌കാരം നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും നമസ്‌കാരം തടസ്സപ്പെടുകയാണെന്നും ആളുകള്‍ പറഞ്ഞു.

ഈ വിഷയം പാര്‍ലമെന്റെിന്റെ ശ്രദ്ധയില്‍ പെടുത്താനും വിവിധ കക്ഷി നേതാക്കളുമായും അധികൃതരുമായും ചര്‍ച്ച നടത്താനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. വിഷയത്തെ വളരെ ഗൗരവമായി തന്നെ നോക്കി കാണണമെന്നും ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റത്തിന് പരിഹാരം വേണം എന്നും മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.

Read more

മുസ്ലിംലീഗ് പാര്‍ലമെന്റെറി പാര്‍ട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എം.പിമാരായ പി.വി. അബ്ദുല്‍ വഹാബ്, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി, മുന്‍ എം.പി. മുഹമ്മദ് അദീബ്, ഖുറം മുഹമ്മദ് അനീസ് ഉമര്‍, ആസിഫ് അന്‍സാരി, അഡ്വ. ഹാരിസ് ബീരാന്‍, ഫൈസല്‍ ശൈഖ്, മൗലാന നിസാര്‍ തുടങ്ങിയവരും പങ്കെടുത്തു.