മതേതര ധാര്‍മ്മികതയ്ക്ക് നേരെ നിങ്ങള്‍ കണ്ണടയ്ക്കുന്നു, ഇതിലും ഭേദം ജയില്‍, പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കില്ല; വെല്ലുവിളിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എസ്. ശശികാന്ത് സെന്തില്‍. ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഈ വര്‍ഷം സെപ്റ്റംബറിലാണ് രാജിവെച്ചത്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമാണിന്നെന്ന് ശശികാന്ത് പറഞ്ഞു “”വര്‍ഗീയ ബില്ലാണ് പാസ്സാക്കിയത് അതുകൊണ്ട് എന്‍.ആര്‍.സിയോട് പൊതുജനങ്ങള്‍ നിസ്സഹകരിക്കണമെന്നും ആഹ്വാനം ചെയ്തു.

തന്റെ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കില്ലെന്നും ഈ നിലപാടിന്റെ പേരില്‍ എന്ത് നടപടിയുണ്ടായാലും അതിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നും സെന്തില്‍ വ്യക്തമാക്കി. എന്റെ ഈ അനുസരണക്കേടിനെതിരെ രാജ്യം എടുക്കുന്ന എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണ്. എന്നെ ഇന്ത്യന്‍ പൗരനല്ലെന്ന് പ്രഖ്യാപിക്കാന്‍ രാജ്യം തീരുമാനിക്കുകയാണെങ്കില്‍, നിങ്ങള്‍ രാജ്യമെമ്പാടും കെട്ടിപ്പൊക്കുന്ന തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകാനും എനിക്ക് സന്തോഷമേയുള്ളു. സഹജീവികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും വര്‍ഗീയമായി വേര്‍തിരിക്കുന്നതും ഒരു നിശ്ശബ്ദ കാഴ്ചക്കാരനെന്ന നിലയില്‍ കണ്ടിരിക്കാന്‍ കഴിയില്ലെന്നും അതിലും ഭേദം ജയിലാണെന്നും”” സെന്തില്‍ പറഞ്ഞു.

അമിത് ഷായോട് സെന്തില്‍ പറയുന്നത് ഇങ്ങനെ, മുസ്‌ലിം, ആദിവാസി സഹോദരങ്ങളെ തഴയുകയും രാജ്യത്തിന്റെ മതേതര ധാര്‍മ്മികതയെ കുറിച്ചുള്ള ആശയങ്ങള്‍ക്ക് നേരെ നിങ്ങള്‍ കണ്ണടയ്ക്കുക യും ചെയ്യുന്നതില്‍ എനിക്ക് തികച്ചും ലജ്ജ തോന്നുന്നു.”