മുൻ ചീഫ് ജസ്റ്റിസിന് എ എ പിയുടെ രാജ്യസഭാ സീറ്റ് ഓഫർ, കയ്യോടെ നിരസിച്ച് ജസ്റ്റിസ് താക്കൂർ

സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസിന് ആം ആദ്മി പാർട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു. ജനുവരി പകുതി ആകുമ്പോഴേക്കും കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദനന്‍ ദ്വിവേദി, പര്‍വേസ് ഹാഷ്മി,കരണ്‍ സിങ് എന്നിവര്‍ വിരമിക്കുന്നതോടെ ഡൽഹിയിൽ നിന്ന് മൂന്ന് രാജ്യസഭാസീറ്റുകള്‍ ഒഴിവ് വരും. അസംബ്ലിയിൽ മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ മൂന്ന് സീറ്റും എ എ പിക്ക് അനായാസം വിജയിക്കാൻ കഴിയും. ഈ ഒഴിവുകളിൽ ഒന്നാണ് എ എ പി, ജസ്റ്റിസ് ടി. എസ് താക്കൂറിന്‌ ഓഫർ ചെയ്തത്.

എന്നാൽ ജസ്റ്റിസ് താക്കൂര്‍ കയ്യോടെ തന്നെ ഈ ഓഫർ നിരസിച്ചിരിക്കുകയാണ്. ഒരു അഭിഭാഷകനെന്ന നിലയിലും ജഡ്ജി എന്ന നിലയിലും അദ്ദേഹത്തിനുള്ള ഔന്നത്യവും യോഗ്യതയുമാണ് അദ്ദേഹത്തെ സമീപിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ് രി വാളിന്റെ തീരുമാനമായിരുന്നു അദ്ദേഹത്തെ സമീപിക്കാമെന്നത്, ആംആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജന്‍, മുന്‍ കേന്ദ്രമന്ത്രി യശ്വവന്ത് സിന്‍ഹ, അരുണ്‍ ഷൂറി തുടങ്ങിയവർക്കും ആം ആദ്മി പാർട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇവരെല്ലാവരും ക്ഷണം നിരസിക്കുകയാണ് ചെയ്തത്.