പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്; ഇത്തവണ 3800 കോടി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. ബുഷാന്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ടുകളില്‍ കൃത്രിമം നടത്തിയും ഫണ്ട് വകമാറ്റിയുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.

ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലൂടെയും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലൂടെയുമാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് പിഎന്‍ബി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ഫെഡറല്‍ പൊലീസ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്തു. നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വജ്ര വ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്നിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളില്‍ ഒന്നാണ് ബുഷാന്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍. ഇന്ത്യയുടെ പുതിയ പാപ്പരത്ത നിയമപ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫര്‍ ചെയ്ത ആദ്യത്തെ 12 കമ്പനികളില്‍ ഒന്നാണിത്.