വിജയ്‌യെ ചോദ്യം ചെയ്യുന്നത് പതിനാറാം മണിക്കൂറിലേക്ക്; കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന്‍ വിജയ്‌യെ ചോദ്യം ചെയ്യുന്നത് പതിനാറാം മണിക്കൂറിലേക്ക്. നേരത്തെ നെയ്‌വേലിയിലുള്ള  ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ചോദ്യം ചെയ്തിരുന്നു. വിശദമായി ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായനികുതി ഓഫീസില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടു. ഇതോടെയാണു ഷൂട്ടിംഗ് അവസാനിപ്പിച്ചു താരം ചെന്നൈയിലേക്കു പുറപ്പെട്ടത്. രാത്രി മുഴുവന്‍ നീണ്ട പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തിയത്.

വിജയ്‌യുടെ ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സിനിമാ നിര്‍മ്മാതാക്കളുടെ കണക്കും വിജയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ആദായനികുതി വകുപ്പ് പറയുന്നു. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.

സിനിമാ നിർമ്മാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫീസിലും പരിശോധന നടന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തുക തിരിച്ചു വാങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഒരു പണമിടപാടുകാരനിൽ നിന്ന് 25 കോടിയുടെ കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തെന്ന് ആദായനികുതി വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകളും പിടിച്ചെടുത്തതായാണു വിവരം.