വ്യവസായിയായ വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാളിന്റെ മരണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ട്രക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു. പുണെ സ്വദേശിയായ കേതൻ വിശാൽ അഗർവാളിൻ്റേത് അപകടമരണമല്ലായിരുന്നു. പ്രതിശ്രുതവധുവും കാമുകനും ചേർന്ന് ആസൂത്രണംചെയ്ത കൊലപാതകമായിരുന്നു അത്.
പിപ്രി-ചിഞ്ച്വഡ് മേഖലയിലെ പ്രമുഖ വ്യാവസായി ആണ് കേതൻ അഗർവാളിൻ്റെ പിതാവ് വിശാൽ അഗർവാൾ. രാജസ്ഥാനിലെ ഉദയ്പുരിൽവെച്ച് നവംബറിലാണ് കേതന്റേയും സിയയുടേയും വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹാഘോഷത്തിനായി ജയ്പൂരിൽ 17 കോടി രൂപയ്ക്ക് കൊട്ടാരം ബുക്ക് ചെയ്തിരുന്നു. അതിഥികൾക്ക് എത്താനായി മാത്രം രണ്ട് സ്വകാര്യ വിമാനങ്ങളും സജ്ജീകരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഉദയ്പൂരിൽ ആഡംബര വിവാഹം നടക്കാനിരിക്കെയാണ് എല്ലാം കീഴ്മേൽ മറിച്ച് കേതന്റെ മരണവിവരം പുറത്ത് വരുന്നത്. വിവാഹത്തിനും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകൾക്കുമായി ഇരുവരുടേയും കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടക്കുന്നത്.
പ്രതിശ്രുത വധുവായ സിയ ഗോയലിന് വിവാഹത്തോടുള്ള എതിർപ്പാണ് കൊലപാതകത്തിൻ്റെ കാരണം. കാമുകനായ ചേതൻ ചൗധരിക്കൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്താനുള്ള പദ്ധതിക്ക് പിന്നിലെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. മേയ് 31-ന് കേതൻ അഗർവാളും സിയ ഗോയലും ലോഹഗഡ് കോട്ടയിലേക്ക് ഒരു ട്രെക്കിങ് നടത്തിയിരുന്നു. ഈ യാത്രയ്ക്കിടെയാണ് ഇവിടെവെച്ച് കേതനെ കൊല്ലാനുള്ള പദ്ധതി ആദ്യമായി സിയ ആസൂത്രണം ചെയ്യുന്നത്.
അതിനായി ജൂൺ 14-ന് വീണ്ടും ഇരുവരും ഈ സ്ഥലത്തെത്തി. പാമ്പുകടിയേറ്റതായി അഭിനയിച്ച് അതിനിടെ കേതനെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് ജന്മദിനാഘോഷത്തിൻ്റെ പേരിൽ ഇവർ വീണ്ടും ജൂൺ 19-ന് ലോഹഗഡിലേക്ക് വീണ്ടും എത്തിയത്. സംഭവദിവസം സിയയേയും കേതനേയും കൂടാതെ അടുത്ത രണ്ട് സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. സിയയുടെ കാമുകനായ ചേതൻ ചൗധരി ഇവരെ പിന്തുടർന്ന് ലോഹഗഡ് ഫോർട്ടിലേക്കെത്തുകയും ചെയ്തിരുന്നു. ഫോട്ടോ പകർത്തുന്നതിനിടെയാണ് സിയയും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് കേതനെ താഴേക്ക് തള്ളിയിട്ടത്. സംഭവസ്ഥലത്തുവെച്ചുതന്നെ കേതൻ മരിച്ചു. സംഭവം പുറത്തുവന്നതോടെ സിയയേയും, ചേതൻ ചൗധരിയേയും പോലീസ് അറസ്റ്റ് ചെയ്തു.
Read more
കേദന്റെ മരണത്തിന് പിന്നാലെ സിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും സമൂഹമാധ്യമങ്ങളിൽ വ്യാപമകായി പ്രചരിച്ചു. ‘ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. എൻ്റെ ജന്മദിനത്തിൽതന്നെ നീ യാത്രപറഞ്ഞിരിക്കുന്നു. നമ്മുടെ വിവാഹം നടക്കാനിരിക്കെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. എനിക്ക് സ്വപ്നനങ്ങളുണ്ടായിരുന്നു. നീ എന്തിനാണ് ഇത് ചെയ്തെന്ന് എനിക്ക് മനസ്സിലാവുന്നില്ല’ എന്നായിരുന്നു സിയയുടെ കുറിപ്പ്. ഇരുവരും ചേർന്ന് പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളും സിയ പോസ്റ്റ് ചെയ്തിരുന്നു.







