കേന്ദ്രം നല്‍കിയ 2000 രൂപ യോഗി ആദിത്യനാഥിന് നല്‍കി കര്‍ഷകരുടെ പ്രതിഷേധം; 'ആത്മഹത്യ ചെയ്യാനുള്ള അനുവാദം മുഖ്യമന്ത്രി നല്‍കണം'

തനിക്ക് പ്രധാനമന്ത്രി മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ലഭിച്ച 2000 രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്‍കി കര്‍ഷകന്‍റെ പ്രതിഷേധം. ആഗ്രയിലെ കര്‍ഷകനായ പ്രദീപ് ശര്‍മ്മയാണ് വേറിട്ട പ്രതിഷേധ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്.

യോഗി തന്നെ സഹായിക്കാത്ത പക്ഷം ആത്മഹത്യ ചെയ്യാനുള്ള അനുവാദം മുഖ്യമന്ത്രി തരണമെന്നും പ്രദീപ് ശര്‍മ്മ പറയുന്നു. ഉരുളക്കിഴങ്ങ് കര്‍ഷകനായ പ്രദീപ് തനിക്ക് 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് പറയുന്നത്.

വാടക വീട്ടിലാണ് കുടുംബസമേതം താമസിക്കുന്നത്. ചെലവ് നടത്താന്‍ തന്നെ പ്രയാസമാണ്. കൃഷി നാശം സംഭവിച്ചത് 2016 ലാണ്. അതോടെ സാമ്പത്തികമായി തകര്‍ന്നു. ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാറിനും സഹായം തേടി കത്ത് എഴുതിയിരുന്നു. പക്ഷേ മറുപടി കിട്ടിയില്ല.

കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ നേരില്‍ കാണുന്നതിനായി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ താന്‍ ഡല്‍ഹിയില്‍ പോയി. അവിടെ നിന്നും നിരാശനായിട്ടാണ് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

ഈ സീസണില്‍ 750 കിലോഗ്രാം ഉള്ളി താന്‍ ഉത്പാദിപ്പിച്ചതായി കര്‍ഷകനായ സഞ്ജയ് പറയുന്നു. പക്ഷേ വെറും ഒരു രൂപയാണ് കിലോയ്ക്ക് നിപദ് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ പറയുന്നത്. തര്‍ക്കിച്ചിട്ടും വലിയ ഫലമുണ്ടായില്ല. അതോടെ കിലോയ്ക്ക് 1.40 എന്ന നിലയില്‍ വിറ്റു. 750 കിലോഗ്രാം ഉള്ളിക്ക് ലഭിച്ചത് കേവലം 1064 രൂപയാണെന്നും സഞ്ജയ് വ്യക്തമാക്കുന്നു.