പിന്നോട്ടില്ലെന്ന് ഉറച്ച് കർഷകർ; സംയുക്ത കിസാൻ മോർച്ച യോ​ഗം ഇന്ന്, പത്താമത്തെ ചർച്ചയും പരാജയം

കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്തമായി തുടരുന്ന സാഹര്യത്തിൽ സമരക്കാരെ അനുനയിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നു.

പുതിയ ഒരു സമിതി രൂപീകരിക്കാമെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ചത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷരും കേന്ദ്ര സർക്കാരുമായി ബുധനാഴ്ച നടന്ന പത്താംവട്ട ചർച്ചയും പരാജയപ്പെട്ടു.

സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. സർക്കാർ മുന്നോട്ട് വെച്ച നിർദേശം ചർച്ച ചെയ്യും.

ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംയുക്ത കിസാൻ മോർച്ചയുടെ യോഗം. രാവിലെ പതിനൊന്ന് മണിക്ക് പഞ്ചാബിലെ കർഷക സംഘടനകൾ യോഗം ചേരും.

കർഷക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

കർഷകസമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവെയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ ചർച്ചയിൽ നിലപാടെടുത്തെങ്കിലും ഈ നിർദേശം കർഷക സംഘടന നേതാക്കൾ തള്ളി.