അസമില്‍ രാജിവെച്ച കോണ്‍ഗ്രസ് മുന്‍സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ രാജി പിന്‍വലിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഫോണിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകള്‍ക്കും ശേഷമാണ് ഭൂപന്‍ ബോറ രാജി പിന്‍വലിച്ചത്. അസമിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗോഗോയിയും സീനിയര്‍ നേതാക്കളും വീട്ടിലെത്തി അനുനയിപ്പിക്കുകയും ചെയ്തതോടെ രാജി തീരുമാനം മാറ്റി ബോറ കോണ്‍ഗ്രസിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചു.
പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന യൂണിറ്റിനുള്ളില്‍ തനിക്ക് അര്‍ഹതയുള്ളത് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഭൂപന്‍ കുമാര്‍ ബോറ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രാജി കത്ത് അയച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബോറയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ അസം ചുമതലയുള്ള ഭന്‍വര്‍ ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ‘രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വം അദ്ദേഹവുമായി ഒരു നീണ്ട ചര്‍ച്ച നടത്തി. ഞങ്ങള്‍ ഇത് പരിഹരിച്ചുവെന്നാണ് ബോറയ്ക്ക് ഒപ്പം മാധ്യമങ്ങളെ കണ്ട ഭന്‍വര്‍ ജിതേന്ദ്ര പറഞ്ഞത്.
‘ഭുപേന്‍ കുമാര്‍ ബോറ ഞങ്ങളുടെ മൂല്യമുള്ള നേതാവാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു, അദ്ദേഹം തിന്മയ്ക്കെതിരെ പോരാടുന്ന വ്യക്തിയാണ്. കഴിഞ്ഞ 3 മണിക്കൂറായി ഭൂപേന്‍ കുമാര്‍ ബോറയുമായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. അദ്ദേഹം ശക്തനായ ഒരു കോണ്‍ഗ്രസ് നേതാവാണ്. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, ഒരു സഹോദരന്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയും ഭൂപേന്‍ കുമാര്‍ ബോറയുമായി സംസാരിച്ചു.’
കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, ഭന്‍വര്‍ ജിതേന്ദ്ര സിംഗ്, പ്രദ്യുത് ബൊര്‍ദോലോയ് എന്നിവര്‍ റൈജോര്‍ ഡോള്‍ പാര്‍ട്ടി മേധാവി അഖില്‍ ഗൊഗോയ്ക്കൊപ്പം ഗുവാഹത്തിയിലെ ഭൂപെന്‍ ബോറയുടെ വസതി സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്തുകയായിരുന്നു. 30 വര്‍ഷമായി കോണ്‍ഗ്രസുകാരനാണ് ഭൂപന്‍ കുമാര്‍ ബോറയെന്നും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും സംയുക്തമായാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്.
Read more
രാജി വാര്‍ത്ത പ്രചരിച്ചതോടെ ഭൂപന്‍ ബോറയെ പാര്‍ട്ടി ക്യാമ്പിലെത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു. ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ‘അസം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസാനത്തെ ഹിന്ദു നേതാവ്’ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു. കൂടുതല്‍ രാജി കോണ്‍ഗ്രസില്‍ നിന്നുണ്ടാകുമെന്ന് കോണ്‍ഗ്രസ് വിട്ടുപോയി ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത ആവര്‍ത്തിക്കുകയും ചെയ്തു. ബോറ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ താന്‍ ചൊവ്വാഴ്ച വൈകുന്നേരം ഭൂപന്‍ ബോറയുടെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.







