'കേന്ദ്ര ബജറ്റിലെ ഓരോ സംഖ്യയും നുണ': ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്

കേന്ദ്ര ബജറ്റിലെ ഓരോ സംഖ്യയും നുണയാണെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെ.എൻ.യു) സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ജയതി ഘോഷ് ഞായറാഴ്ച പറഞ്ഞു. ഇന്ത്യയുടെ ഇപ്പോഴത്തെ മാന്ദ്യം 1991, 2008 വർഷങ്ങളെ അപേക്ഷിച്ച് മോശമാണ്, മാത്രമല്ല തൊഴിൽ അധിഷ്ഠിതമായ എല്ലാ മേഖലകളിലേക്കുമുള്ള വിഹിതം ബജറ്റിൽ വെട്ടിക്കുറച്ചതായും ഇത് കൂടുതൽ കുഴപ്പമുണ്ടാക്കുമെന്നും ലോകത്തെ പ്രമുഖ വികസന സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ ജയതി ഘോഷ് പറഞ്ഞു.  കൃഷി, തൊഴിൽഉറപ്പ്, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ തൊഴിൽ വെട്ടിക്കുറച്ചതായും ജയതി ഘോഷ് പറഞ്ഞതായി “ദി ഹിന്ദു” റിപ്പോർട്ട് ചെയ്തു.

ബജറ്റിലെ എല്ലാ അക്കങ്ങളും തെറ്റാണെന്ന് അവർ പറഞ്ഞു. “ബജറ്റിലെ ഓരോ സംഖ്യയും ഒരു നുണയാണ്. രസീതുകളുടെ ഓരോ ഇനങ്ങളും, ഈ വർഷം അവർ ചെലവഴിക്കുന്നതിന്റെ പുതുക്കിയ എസ്റ്റിമേറ്റുകളും ഈ വർഷം അവർക്ക് ലഭിച്ചതുമെല്ലാം നുണയാണ്. അവർ ഒരു മാസം മുമ്പുതന്നെ ബജറ്റ് അവതരിപ്പിച്ചു. വർഷം അവസാനിക്കുന്നത് മാർച്ച് അവസാനമാണ്, നമുക്ക് ഡിസംബർ അവസാനം വരെ മാത്രമേ ഡാറ്റയുള്ളൂ, അതിനാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർ കണക്കാക്കേണ്ടതുണ്ട്, അവിടെയാണ് അവരുടെ കള്ളം, ” മുംബൈ കളക്ടീവിലെ ഒരു സെഷനിൽ “ഫ്ലാറ്റ് ടയർ ഓർ എഞ്ചിൻ ഫേൽയർ? ഇന്ത്യൻ ഇക്കോണമി ” എന്ന തലകെട്ടിൽ നടത്തിയ പ്രഭാഷണത്തിൽ ജയതി ഘോഷ് പറഞ്ഞു.

ജയതി ഘോഷ് പറയുന്നതനുസരിച്ച്, സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ കാലഘട്ടമായി ആഘോഷിക്കുന്ന 2000 മധ്യത്തിൽ സാമ്പത്തിക കുഴപ്പങ്ങൾ ആരംഭിച്ചു. “ഈ പ്രശ്‌നങ്ങൾ എല്ലാം ആരംഭിച്ച കാലഘട്ടമാണിത്. അത് അസമത്വത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയായിരുന്നു, അത് കൂടുതൽ അസമത്വം ഉണ്ടാക്കി. വിഭാഗീയ തൊഴിൽ കമ്പോളത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്, തൊഴിലുടമകൾ നിലവിലുള്ള സാമൂഹിക വിവേചനങ്ങളെ ലിംഗഭേദം, ജാതി, വംശീയ വിഭാഗങ്ങൾ, സ്ഥലങ്ങൾ എന്നിവയെ ആശ്രയിച്ചു. ഈ സാമൂഹിക വ്യത്യാസങ്ങൾ മുതലെടുത്ത് കുറഞ്ഞ നിരക്കിൽ അധ്വാനം ചൂഷണം ചെയ്യുന്നതിന് തൊഴിലുടമകളെ അനുവദിച്ചു. ഇതായിരുന്നു അന്നത്തെ വളർച്ചാ പ്രക്രിയയുടെ ഒരു സവിശേഷത.”

Read more

മുംബൈ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ ഡയറക്ടറും ആ പദവി വഹിച്ച ആദ്യ വനിതയുമായ റിതു ദിവാനാണ് സെഷന്റെ അദ്ധ്യക്ഷത വഹിച്ചത്. പട്ടികജാതി / പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള എല്ലാ ഫെലോഷിപ്പുകളും ബജറ്റ് റദ്ദാക്കിയതായി റിതു ദിവാൻ പറഞ്ഞു. “ഇത് ശരിക്കും അർത്ഥമാക്കുന്നത് ബജറ്റ് ജാതീയമായ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ്,” റിതു ദിവാൻ പറഞ്ഞു. ഡാറ്റയുടെ അഭാവം ഉള്ളതിനാൽ സാമ്പത്തിക വിദഗ്ധർക്ക് പ്രവർത്തിക്കാൻ പ്രയാസമാണ്. “ഡാറ്റയാണ് പുതിയ അർബൻ നക്സൽ, പുതിയ ദേശവിരുദ്ധ(ൻ), അതിനെ ജയിലിലടയ്ക്കും, എത്ര വാദിച്ചാലും വിട്ടയക്കില്ല. അതിനാൽ, വിക്കിപീഡിയയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചുണ്ടാക്കിയ സാമ്പത്തിക സർവേ ആണ് ഇപ്പോൾ നിങ്ങളുടെ പക്കൽ ഉള്ളത്,” അവർ പറഞ്ഞു.