തൃണമൂലിന്റെ ഐടി മേധാവിയുടെ വീട്ടില്‍ ഇ ഡിയുടെ മിന്നല്‍ റെയ്ഡ്, ഓടിയെത്തി മമത ബാനര്‍ജി; 'പാര്‍ട്ടി രേഖകള്‍ തട്ടിയെടുക്കാനുള്ള ബിജെപി ശ്രമം, തിരിച്ച് ബിജെപി ഓഫീസുകളില്‍ ഞങ്ങളും റെയ്ഡിന് ഇറങ്ങിയാലോ? '

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഐ ടി വിഭാഗം മേധാവിയും രാഷ്ട്രീയ ഉപദേശക ഏജന്‍സിയായ ഐ പാക്കിന്റെ തലവനുമായ പ്രദീക് ജയിനിന്റെ വീട്ടിലും ഓഫീസിലും ഇ ഡിയുടെ മിന്നല്‍ റെയ്ഡ്. സാള്‍ട്ട് ലേക്കിലെ ഐ പാക് ഓഫീസിലും കൊല്‍ക്കത്തയിലെ പ്രദീക് ജയിനിന്റെ വസതിയിലുമായിരുന്നു പരിശോധന. ഇതോടെ കൊല്‍ക്കത്തയില്‍ വ്യാഴാഴ്ച നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. റെയ്ഡിനെ കുറിച്ച് അറിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ പാര്‍ട്ടിയുടെ ഐടി വിഭാഗം മേധാവിയുടെ വീട്ടിലേക്ക് ഓടിയെത്തി.

ഇ ഡി പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രദീക് ജയിനിന്റെ വസതിയില്‍ നേരിട്ടെത്തിയതോടെ വിഷയം രാഷ്ട്രീയ പോരിലേക്ക് കടന്നു. ബിജെപി രാഷ്ട്രീയ പകപോക്കലിന് ഇഡിയെ ഉപയോഗിക്കുകയാണെന്നും തന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) ഹാര്‍ഡ് ഡിസ്‌കുകളും ആഭ്യന്തര രേഖകളും സെന്‍സിറ്റീവ് ഡാറ്റകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി മമത ബാനര്‍ജി ആരോപിച്ചു.

പാര്‍ട്ടിയുടെ ആഭ്യന്തര രേഖകളും സ്ഥാനാര്‍ത്ഥി പട്ടികയും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ഞങ്ങളും സംസ്ഥാനത്ത് ഇത്തരത്തില്‍ റെയ്ഡിനിറങ്ങിയാല്‍ നിങ്ങളെന്ത് ചെയ്യുമെന്ന ചോദ്യവും ഉന്നയിച്ചു. മേയ് മാസത്തില്‍ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമ ബംഗാളില്‍ ബിജെപി രാഷ്ട്രീയ പകപോക്കലിന് ദേശീയ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.

അവര്‍ ഞങ്ങളുടെ ഐടി മേധാവിയുടെ വസതി റെയ്ഡ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ എന്റെ പാര്‍ട്ടിയുടെ രേഖകളും ഹാര്‍ഡ് ഡിസ്‌കുകളും അവര്‍ കണ്ടുകെട്ടുകയായിരുന്നു. ഞാന്‍ അവ തിരികെ കൊണ്ടുവന്നു, ‘ബി ജെ പി ഓഫീസുകളില്‍ ഞങ്ങള്‍ ( സംസ്ഥാന പൊലീസ്) ഇത്തരത്തില്‍ റെയ്ഡ് നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ?’ ‘എസ്ഐആര്‍ പ്രകാരം 5 ലക്ഷം പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ട് മാത്രം അവര്‍ എന്റെ പാര്‍ട്ടിയുടെ എല്ലാ രേഖകളും എടുത്തുകൊണ്ടുപോകുന്നു,’

റെയ്ഡ് നടക്കുന്നതിനിടെ ഒരു പച്ച ഫയലുമായി സ്ഥലത്തെത്തിയ മമത, പാര്‍ട്ടി രേഖകള്‍ സംരക്ഷിക്കാനാണ് താന്‍ എത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മയും സ്ഥലത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രിയുടെയും ജോലി രാഷ്ട്രീയ പാര്‍ട്ടികളുടെ ഐ ടി വിഭാഗങ്ങളുടെ ഓഫീസില്‍ റെയ്ഡ് നടത്തുന്നതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പാര്‍ട്ടി രേഖകള്‍ പിടിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഇ ഡി നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നും മമത ആരോപിച്ചു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ വലിയ പങ്കാണ് ഐ പാക്ക് വഹിച്ചത്. സംഭവത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സാഹചര്യം വീണ്ടും വഷളായിരിക്കുകയാണ്. 2026 മെയ് മാസത്തില്‍ കാലാവധി അവസാനിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നീങ്ങികഴിഞ്ഞു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബി ജെ പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ (എസ് ഐ ആര്‍) 58 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയത് ഇതിനകം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജി മണ്ഡലം സന്ദര്‍ശനങ്ങളും ജനസമ്പര്‍ക്ക പരിപാടികളുമായി സജീവമായപ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബി ജെ പിയും തന്ത്രങ്ങള്‍ മെനയുകയാണ്.