ഇനി മുതൽ ഡ്രാഗൺ ഫ്രൂട്ടല്ല, ‘കമലം’; പേരുമാറ്റി ഗുജറാത്ത് സർക്കാർ

“ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ” പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍.  “കമലം” എന്നാണ്​ പുതിയ പേര്​. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ പേര് മാറ്റി “കമലം” എന്ന് നല്‍കാന്‍ തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട പേറ്റന്‍റിന് അപേക്ഷിച്ചതായും വിജയ് രൂപാണി പറഞ്ഞു.

ഡ്രാഗൺ എന്ന പേര്​ ഒരു ഫലത്തിന്​ ചേരില്ലെന്നും അതിനാലാണ്​ പേരുമാറ്റമെന്നും  മുഖ്യമന്ത്രി പറഞ്ഞു. ഇനി മുതല്‍ “കമലം” എന്ന് മാത്രമാകും ഡ്രാഗണ്‍ ഫ്രൂട്ടിനെ വിളിക്കുകയെന്നും രൂപാണി പറഞ്ഞു.

നിലവില്‍ “ഡ്രാഗണ്‍ ഫ്രൂട്ട്” എന്ന പേരിലാണ് ഈ പഴം അറിയപ്പെടുന്നത്. അത് ഒരിക്കലും യോജിച്ചതല്ല, “കമലം” എന്ന പുതിയ സംസ്കൃത പേര് താമരയുടെ രൂപമായതിനാല്‍ തന്നെ യോജിച്ചതാണെന്നും കമലം എന്ന് തീരുമാനിക്കുകയാണെന്നും വിജയ് രൂപാണി പറഞ്ഞു.

അതെ സമയം ബിജെപിയുടെ പേര് മാറ്റം രാഷ്ട്രീയപരമാണെന്ന വിമർശനം ഉയരും മുമ്പേ നിഷേധവുമായി രൂപാണി രംഗത്തുവന്നു. പേര് മാറ്റത്തിന് രാഷ്ട്രീയ അർത്ഥങ്ങള്‍ നല്‍കേണ്ടെന്നാണ് വിജയ് രൂപാണി മാധ്യമങ്ങളോട് പറഞ്ഞത്. ബി.ജെ.പിയുടെ ഔദ്യോഗിക ചിഹ്നമാണ് “കമലം” എന്ന് വിളിക്കുന്ന താമര. ബി.ജെ.പിയുടെ ഗുജറാത്ത് സംസ്ഥാന ആസ്ഥാനത്തിന്‍റെ പേര് “ശ്രീ കമലം” എന്നാണ്.