യു.പിയിൽ 63 ശിശു മരണം നടന്ന സംഭവം; ആദിത്യനാഥ് സർക്കാർ കുറ്റം ആരോപിച്ച ഡോക്ടർക്ക് കേസിൽ നിന്നും മോചനം

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 60- ലധികം കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഡോക്ടർ കഫീൽ അഹമ്മദ് ഖാന് കുറ്റ വിമുക്തി. നേരത്തെ സംഭവത്തിൽ ഡോ. കഫീൽ അഹമ്മദ് ഖാനെ സസ്പെൻഡ് ചെയ്യുകയും അറസ്റ്റു ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ തന്നെ റിപ്പോർട്ട് പ്രകാരം എല്ലാ പ്രധാന ആരോപണങ്ങളിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി.

ബി.ആർ.ഡി മെഡിക്കൽ കോളജിൽ ശിശുരോഗവിദഗ്ദ്ധനായി 2017 ഓഗസ്റ്റിലാണ് ഡോ. കഫീൽ അഹമദ് ഖാൻ നിയമിതനാകുന്നത്. ഓഗസ്റ്റ് 10- നും 11-നും ഇടയിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ 63 കുട്ടികൾ ആണ് ഇവിടെ മരിച്ചത്. ആശുപത്രിയിലെ കുട്ടികളുടെ വാർഡിലേക്കും, ഗുരുതര പരിചരണ വിഭാഗത്തിലേക്കും ഓക്സിജൻ വിതരണം നിലച്ചതായിരുന്നു കാരണം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മനാട്ടിലെ ആശുപത്രിയിൽ നടന്ന ഈ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉണ്ടാകുകയും മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദർശനത്തെ തുടർന്ന് ഡോ. കഫീൽ ഖാനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. സാഹചര്യത്തെ കുറിച്ച് അറിഞ്ഞിട്ടും വരാനിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് അടിയന്തര നടപടി സ്വീകരിക്കാനോ മേലുദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാനോ ഡോ. കഫീൽ ഖാൻ പരാജയപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു ഉത്തർപ്രദേശ് സർക്കാരിന്റെ സസ്‌പെൻഷൻ ഉത്തരവ്.

ആശുപത്രിയിലെ നിർണായക എൻ‌സെഫലൈറ്റിസ് വാർഡിന്റെ ചുമതലയുള്ള നോഡൽ മെഡിക്കൽ ഓഫീസറാണ് ഡോ. ഖാൻ എന്നും അതിനാൽ വാർഡുമായി ബന്ധപ്പെട്ട ഗുരുതരമായ കുറവുകൾ അദ്ദേഹം അറിയേണ്ടതാണെന്നുമായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്. പ്രതിവർഷം ആയിരക്കണക്കിന് കുട്ടികളെയാണ് ഗോരഖ്പൂർ ആശുപത്രിയിലെ എൻസെഫലൈറ്റിസ് വാർഡിൽ പ്രവേശിപ്പിക്കുന്നത്.

ഡോ. ഖാനും മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലും ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ പിന്നീട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 2017 സെപ്റ്റംബർ 2 ന് ഡോ. ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.

ജയിലിൽ കിടന്ന് എട്ട് മാസത്തിന് ശേഷം, ഡോ. കഫീൽ ഖാന് 2018 ഏപ്രിലിൽ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അശ്രദ്ധ ഉണ്ടായി എന്നതിന് നേരിട്ട് തെളിവില്ലെന്ന് കോടതി പറഞ്ഞു.

വ്യാഴാഴ്ച ഡോ. ഖാന് കൈമാറിയ 15 പേജുള്ള സർക്കാർ അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി പറഞ്ഞതിനെ പിന്തുണയ്ക്കുന്നു. ഡോ. ഖാനെതിരായ അന്വേഷണത്തിന്റെ ചുമതലയുള്ള മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥനായ ഹിമാൻഷു കുമാർ 2019 ഏപ്രിലിൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്ന.

ഡോ. ഖാൻ സംഭവത്തിൽ കുറ്റക്കാരനല്ലെന്നും ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്ന ടെൻഡർ പ്രക്രിയയിൽ ഏതെങ്കിലും തരത്തിൽ അദ്ദേഹം പങ്കാളിയല്ലെന്നും അതുമായി ബന്ധപ്പെട്ട ഏതെങ്കിലും അഴിമതിയിൽ പങ്കാളിയാണെന്നതിന് തെളിവില്ലെന്നും ആണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.

ഡോ. ഖാൻ ബി.ആർ.ഡി മെഡിക്കൽ കോളജിലെ എൻസെഫലൈറ്റിസ് വാർഡിലെ നോഡൽ ഓഫീസർ ആയിരുന്നില്ലെന്നും. എന്നാൽ, സർക്കാർ ഡോക്ടർമാർക്ക് അനുവാദമില്ലാത്ത സ്വകാര്യ പ്രാക്ടീസിൽ 2016 ഓഗസ്റ്റ് വരെ ഡോക്ടർ ഏർപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓക്സിജൻ ക്ഷാമത്തെ കുറിച്ച് ഡോ. ഖാൻ തന്റെ മുതിർന്ന ഉദ്യോഗസ്ഥരോട് അറിയിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിശദാംശങ്ങൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദുരന്തത്തിന്റെ രാത്രിയിൽ തന്റെ വ്യക്തിഗത ശേഷിയിൽ ഏഴ് ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിക്ക് നൽകിയതായും ഡോ. ഖാൻ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.