സൗഹൃദത്തില്‍ അകലം പാലിച്ചു; വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച് സഹപാഠി

സൗഹൃദത്തില്‍ അകലം പാലിച്ച സുഹൃത്തിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. ചെന്നൈ കരൂരിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കേസില്‍ പ്രതിയായ എംബിഎ വിദ്യാര്‍ത്ഥി അണ്ണാമലയെ കുഴിത്തല പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ നിതീഷിനെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിതീഷും അണ്ണാമലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കോളേജ് ബസില്‍ അടുത്തടുത്ത സീറ്റുകളിലാണ് പതിവായി യാത്ര ചെയ്യാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിതീഷ് അണ്ണാമലയുമായുള്ള സൗഹൃദത്തില്‍ അകലം പാലിച്ചിരുന്നു.

അടുത്തിരിക്കുന്നതും സംസാരിക്കുന്നതും നിതീഷ് അവസാനിപ്പിച്ചതിലെ പ്രകോപനമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ ദിവസം രാവിലെ കോളേജ് ബസില്‍ നിതീഷിന് സമീപത്തെ സീറ്റിലിരുന്ന അണ്ണാമല കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ കോളേജ് ബസ് കുഴിത്തല ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിതീഷിനെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.