എല്ലാ ഇന്ത്യക്കാരുടേയും ഡി.എൻ.എ ഒരു പോലെയെന്ന് മോഹൻ ഭാഗവത്; ആശയം ബി.ജെ.പി നേതാക്കളെ ബോദ്ധ്യപ്പെടുത്തിയാൽ ആരാധകനാവുമെന്ന് ദിഗ്​വിജയ്​ സിം​ഗ്​

എല്ലാ ഇന്ത്യക്കാരുടേയും ഡി.എൻ.എ ഒരേ പോലെയാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ മറുപടിയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ദിഗ് വിജയ് സിം​ഗ്. ഒരേ ഡി.എൻ.എ ഉളളപ്പോൾ പിന്നെ “ലൗ ജിഹാദ്” എന്താണ് സിം​ഗ് ചോദിച്ചു. ഭാ​ഗവതിന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നിരപരാധികളായ മുസ്ലിങ്ങളെ ഉപദ്രവിച്ച ബി.ജെ.പി നേതാക്കളെയെല്ലാം അവരവരുടെ സ്ഥാനമാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭാഗവത് ജി ഈ ആശയം നിങ്ങളുടെ ശിഷ്യൻമാർക്കും, പ്രചാരകൻമാർക്കും, വിശ്വഹിന്ദു പരിഷദ്/ബ്ജ്രം​ഗിദൾ പ്രവർത്തകർക്കും മോദി-ഷാ എന്നിവർക്കും നൽകുമോ? ഇക്കാര്യം ബി.ജെ.പി. നേതാക്കളെ ബോദ്ധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഞാന്‍ താങ്കളുടെ ആരാധകനായി മാറുമെന്നും സിം​ഗ് പ്രതികരിച്ചു. നിങ്ങൾ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ വെറുപ്പു നിറച്ചു. അത് നീക്കം ചെയ്യുക എളുപ്പമല്ല. സരസ്വതി ശിശു മന്ദിർ മുതൽ അതിന്റെ ബൗദ്ധിക പരിശീലനം വരെ, മുസ്ലിങ്ങൾക്കെതിരെയുള്ള വെറുപ്പിന്റെ വിത്തുകൾ സംഘം പാകിക്കഴിഞ്ഞു. അത് നീക്കം ചെയ്യുക എളുപ്പമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിങ്ങൾ ആരും ഇവിടെ ജീവിക്കരുത് എന്ന് ഒരു ഹിന്ദു പറയുകയാണെങ്കിൽ, അയാൾ ഹിന്ദുവല്ല എന്ന് കഴിഞ്ഞ ദിവസം മോഹൻ ഭാ​ഗവത് പറഞ്ഞിരുന്നു. പശു വിശുദ്ധമൃഗമാണ്. എന്നാൽ, മറ്റുള്ളവരെ ആക്രമിക്കുന്നവർ ഹിന്ദുത്വത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.