"അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളാകരുത്": ജമ്മു കശ്മീർ വിഷയത്തിൽ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുകയും ചെയ്ത ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിനെതിരെ ചൈന ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കശ്മീരിൽ കേന്ദ്ര സർക്കാർ നടത്തിയ നീക്കം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കി ചൈനയുടെ എതിർപ്പിനെ തള്ളിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ.
ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളാകാതിരിക്കാൻ ശ്രദ്ദിക്കണമെന്ന് ഇന്ന് ബീജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ ജയ്ശങ്കർ പറഞ്ഞു.

ഇന്ത്യ ചൈന ബന്ധത്തിന് ആഗോള-രാഷ്ട്രീയത്തിൽ തനതായ സ്ഥാനമുണ്ട്. ഈ യാഥാർത്ഥ്യം രണ്ട് വർഷം മുമ്പ്, ഇരു രാജ്യങ്ങളുടെയും നേതാക്കൾ തിരിച്ചറിഞ്ഞു, ആഗോള അനിശ്ചിതത്വത്തിന്റെ സമയത്ത് ഇന്ത്യ-ചൈന ബന്ധത്തിൽ സ്ഥിരത പ്രധാന ഘടകമായിരിക്കണമെന്ന് അസ്താനയിൽ സമവായത്തിലെത്തിയിരുന്നു എന്ന് ജയ്ശങ്കർ കൂടിക്കാഴ്ചയിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ‌.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മു കശ്മീരിനെയും ലഡാക്കിനെയും വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ചൈന “കടുത്ത ആശങ്ക” പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കണമെന്നും നിലവിലെ സ്ഥിതിഗതികൾ മാറ്റുന്ന “ഏകപക്ഷീയമായ” തീരുമാനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും “പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുന്ന” ഇരുരാജ്യങ്ങളുടെയും നടപടികൾ ഒഴിവാക്കണമെന്നും ചൈന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ജമ്മു കശ്‌മീർ നീക്കം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇന്ത്യ ഇടപെടാറില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഇതേ നിലപാട് തിരിച്ചു പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വർഷങ്ങളോളം ചൈന-ഇന്ത്യ ബന്ധത്തിൽ ക്രിയാത്മകവും സജീവവുമായ സംഭാവന ജയ്‌ശങ്കർ നൽകിയിട്ടുണ്ടെന്ന് ചൈനയിലെ ഇന്ത്യയുടെ അംബാസഡറായിരുന്ന ജയ്‌ശങ്കറിന്റെ കാലാവധി ചൂണ്ടിക്കാട്ടി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാരിൽ വിദേശകാര്യ മന്ത്രിയായ ജയ്ശങ്കർ അമേരിക്കയിലെ ഇന്ത്യയുടെ അംബാസഡറായും അതിനുമുമ്പ് ചൈനീസ് അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.