രാജ്യത്ത് പെട്രോളിന് പിന്നാലെ ‍ഡീസലും ‘സെഞ്ച്വറി’ തികച്ചു

രാജ്യത്തെ ഇന്ധന വില തുടർച്ചയായി ഉയരുന്നതിനിടെ ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വിലയും നൂറ് പിന്നിട്ടു. രാജസ്ഥാനിലാണ് ഡീസല്‍ വില 100 രുപ പിന്നിട്ടത്.

കഴിഞ്ഞ ദിവസവും പെട്രോളിയം കമ്പനികള്‍ വില കൂട്ടിയതിന് പിന്നാലെയാണ് വില 100 തൊട്ടത്. രാജസ്ഥാന്‍ വടക്കുകിഴക്കന്‍ ഭാഗത്തെ ചെറുപട്ടണമായ ശ്രീ ഗംഗാനഗറില്‍ തന്നെയാണ് പെട്രോളിനും ആദ്യമായി 100 രൂപ കടന്നത്.

സംസ്ഥാനത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. പിന്നാലെയാണ് രാജസ്ഥാനില്‍ ഡീസല്‍ വില നൂറ് രുപ പിന്നിട്ടത്.

പെട്രോളിനും ഡീസലിനും എറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. 107.22 രൂപയാണ് ഇവിടെ പെട്രോള്‍ വില.

അതിനിടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ പെട്രോള്‍ വിലയും ഇതിനകം നൂറ് രൂപ പിന്നിട്ടു. കര്‍ണാടകയാണ് ഈ പട്ടികയില്‍ ഏറ്റവും ഒടുവില്‍ ഉള്‍പ്പെടുന്നത്.

ബെല്ലാരി, കോപ്പാല്‍, ദേവനഗരി, ഷിമോഗ, ചികമംഗളൂര്‍ എന്നിവിടങ്ങളിലാണ് വില നൂറ് പിന്നിട്ടത്. മെട്രോ നഗരങ്ങളില്‍ മുംബെയിലാണ് അദ്യമായി പെട്രോള്‍ വില നൂറ് രൂപ പിന്നിട്ടത്.