പുരികം ത്രെഡ് ചെയ്തത് ഇഷ്ടമായില്ല; വീഡിയോ കോള്‍ വഴി യുവതിയെ മൊഴി ചൊല്ലി ഭര്‍ത്താവ്

പുരികം ത്രെഡ് ചെയ്ത ഭാര്യയെ മൊഴി ചൊല്ലി ഭര്‍ത്താവ്. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിനി ഗുല്‍സബയെയാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് വീഡിയോ കോളിലൂടെ മുത്തലാഖ് ചൊല്ലിയത്. തന്റെ അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തതിനായിരുന്നു വിവാഹമോചനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേ തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒക്ടോബര്‍ 4ന് ആയിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് ആണ് പ്രയാഗ്‌രാജ് ഫുല്‍പൂരിലെ മുഹമ്മദ് സലിമുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹം നടന്ന് മൂന്ന് മാസത്തിന് ശേഷം സലിം സൗദിയില്‍ ജോലിക്കായി പോയിരുന്നു.

പിന്നീട് ഗുല്‍സബ കുറച്ച് കാലം സലിമിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചെങ്കിലും പിന്നീട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വിദേശത്തുള്ള ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് പുരികം ത്രെഡ് ചെയ്തത് ശ്രദ്ധയില്‍പ്പെടുന്നത്. ഇതില്‍ പ്രകോപിതനായ സലീം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഗുല്‍സബ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2017ല്‍ മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.