അംബാനിയുടെ ആഡംബര കല്യാണത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുത്തോ? ചർച്ചകൾക്ക് പിന്നാലെ സത്യം വെളിപ്പെടുത്തി കോൺഗ്രസ്

അംബാനി കുടുംബത്തിലെ വിവാഹത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര പങ്കെടുത്തു എന്ന ബിജെപി ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ്. അനന്ത് അംബാനിയുടെ വിവാഹ സമയത്ത് പ്രിയങ്ക ഇന്ത്യയിൽ പോലും ഉണ്ടായിരുന്നില്ലെന്ന് പാർട്ടി നേതാവ് സുപ്രിയ ശ്രീനാഥെ പ്രതികരിച്ചു.

ബിജെപി നേതാവ് നിശികാന്ത് ദുബെയാണ് ലോക്‌സഭയിൽ പ്രിയങ്കയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ലോക്‌സഭയിലെ നിശികാന്തിന്റെ ആരോപണം വലിയ തോതിൽ ചർച്ചയായതോടെയാണ് കോൺഗ്രസ് ശക്തമായി പ്രതികരിച്ചത്. ‘ഈ പ്രചാരണം തീർത്തും തെറ്റാണ്. പ്രിയങ്ക വിവാഹത്തിൽ പങ്കെടുത്തിട്ടില്ല. ആ സമയം അവർ രാജ്യത്തുപോലും ഉണ്ടായിരുന്നില്ല. ആഭ്യന്തരമന്ത്രിയ്‌ക്ക് ഇക്കാര്യം അറിയാം.എല്ലാവരെയും നിരീക്ഷിക്കുന്ന പഴയൊരു മോശം ശീലം അദ്ദേഹത്തിനുണ്ട്.’ സുപ്രിയ കുറിച്ചു.

‘എഎ’ ബിസിനസ് ഗ്രൂപ്പിനെതിരെ എപ്പോഴും കോൺഗ്രസ് ആരോപണം ഉന്നയിക്കുമെങ്കിലും അവരുടെ ജനറൽ സെക്രട്ടറി,​ അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി എന്നായിരുന്നു നിശികാന്തിന്റെ ആരോപണം. ‘എഎ’ എന്നത് അംബാനിയെയും അദാനിയെയുമാണ് ദുബെ ഉദ്ദേശിച്ചിരുന്നത്. വ്യാജ ബിരുദമുള്ള എംപിയ്‌ക്ക് നുണപറയുന്ന ശീലമുണ്ടെന്നും ഇതുവരെ പ്രിയങ്കാ ഗാന്ധി ലോക്‌സഭാംഗം കൂടിയായിട്ടില്ലെന്നും സുപ്രിയ പറഞ്ഞു.

പ്രധാനമന്ത്രി ഉൾപ്പെടെ ഭരണപക്ഷത്തും പ്രതിപക്ഷത്തും നിന്ന് നിരവധിപേർ മുകേഷ് അംബാനിയുടെ മകൻ അനന്ദ് അംബാനിയുടെ ആഡംബര വിവാഹത്തിൽ പങ്കെടുത്തെങ്കിലും കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.

Read more