വിജയിയുടെ മുന്നേറ്റം തടയണം; ബിജെപിയുടെ വരവ് തടയണം; കമല്‍ഹാസനെ കളത്തിലിറക്കാന്‍ ഉദയനിധി; വീട്ടിലെത്തി കൂടിക്കാഴ്ച്ച; ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെയുടെ പൂഴിക്കടകന്‍

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനുമായി കൂടിക്കാഴ്ച്ച നടത്തി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കമലിന്റെ വീട്ടില്‍ ഒരുമണിക്കൂറോളംനീണ്ട കൂടിക്കാഴ്ചയില്‍ തമിഴ്നാട് രാഷ്ട്രീയവും ദേശീയരാഷ്ട്രീയവും കലാ സാംസ്‌കാരിക കാര്യങ്ങളും ചര്‍ച്ചാവിഷയമായതായി ഉദയനിധി വ്യക്തമാക്കി. പ്രിയസഹോദരന്‍ ഉദയനിധിയുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നെന്ന് കമലും പറഞ്ഞു.

കഴിഞ്ഞ ദിവസം കമല്‍ ഹാസനെ രാജ്യസഭയിലേക്ക് അയക്കാന്‍ ഡിഎംകെ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖര്‍ബാബു നടനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജൂലൈയില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്ന് നല്‍കാനാണ് ഡിഎംകെയുടെ തീരുമാനം. ആറെണ്ണത്തില്‍, കുറഞ്ഞത് നാല് സീറ്റിലെങ്കിലും അനായാസം വിജയിക്കാന്‍ ഡിഎംകെക്ക് കഴിയും. അഞ്ച് രാജ്യസഭ സീറ്റ് വരെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഡിഎംകെ കണക്ക് കൂട്ടല്‍. കമല്‍ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യത്തിലെത്തിയ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് നല്‍കുന്ന പിന്തുണയ്ക്ക് പകരമായി കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ, സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍ ഹാസന്‍ ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയെ തോല്‍പ്പിക്കാന്‍ ഇതിലൂടെ ഡിഎംകെയ്ക്ക് സാധിച്ചിരുന്നു.

ഇതിനു പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം.കേന്ദ്ര സര്‍ക്കാറിനോട് സന്ധിയില്ലാതെ പോരാടുന്ന കമലഹാസന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യുെമന്നാണ് സ്റ്റാലിന്റെ കണക്ക് കൂട്ടല്‍. ഇതിലൂടെ കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മൈയത്തിനെ ഒപ്പം നിര്‍ത്താമെന്ന കണക്ക് കൂട്ടലിലാണ് ഡിഎംകെ. വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കെതിരെ സംസ്ഥാനത്തെ താര പ്രചാരകനായി കമലഹാസനെ ഉയര്‍ത്തികാണിക്കാനും ഡിഎംകെ ആലോചിക്കുന്നുണ്ട്.