ഡൽഹിയിൽ സ്വിസ് വനിതയെ കൊന്ന്, മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചു; സുഹൃത്തായ ഡൽഹി സ്വദേശി അറസ്റ്റിൽ, പ്രതിയിൽ നിന്ന് കണ്ടെത്തിയത് 2.25 കോടി രൂപ

ഡൽഹിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു. സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ലെന ബർഗർ എന്ന യുവതിയാണ് പടിഞ്ഞാറൻ ഡൽഹിയിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ഗുർപ്രീത് സിംഗ് എന്നയാൾ അറസ്റ്റിലായി. ഇയാളിൽ നിന്ന് 2.25 കോടി രൂപ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

വെസ്റ്റ് ഡൽഹിയിലെ തിലക് നഗറിൽ ഒരു സർക്കാർ സ്‌കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായ പ്രതി സ്വിറ്റ്‌സർലൻഡിൽ വച്ചാണ് യുവതിയെ പരിചയപ്പെട്ടതെന്നും ഇരുവരും സുഹൃത്തുക്കളാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലെന ബർഗറിനെ കാണാൻ സ്വിറ്റ്‌സർലൻഡിൽ പോകാറുണ്ടായിരുന്ന ഗുർപ്രീത്, മറ്റൊരു പുരുഷനുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു.

തുടർന്ന് ബർഗറിനെ കൊലപ്പെടുത്താൻ ഗുർപ്രീത് പദ്ധതിയിട്ടതായും ഇന്ത്യ സന്ദർശിക്കാൻ അവളോട് ആവശ്യപ്പെട്ടതായും ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഗുർപ്രീതിന്റെ അഭ്യർത്ഥന പ്രകാരം ഒക്ടോബർ 11 നാണ് യുവതി ഇന്ത്യയിലെത്തിയത്. അഞ്ച് ദിവസത്തിന് ശേഷം ഗുർപ്രീത് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി കൈയും കാലും കെട്ടി കൊലപ്പെടുത്തി.

ആദ്യം മൃതദേഹം കാറിൽ സൂക്ഷിച്ചിരുന്നെങ്കിലും കാറിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രതി ഓടി രക്ഷപ്പെടുക ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ലഭിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസ് ഗുർപ്രീതിനെ കണ്ടെത്തിയത്. മൃതദേഹം സൂക്ഷിച്ചിരുന്ന കാറും ഗുർപ്രീതിന്റെ മറ്റൊരു വാഹനവും പൊലീസ് പിടിച്ചെടുത്തു.