ഡൽഹി സ്ഫോടനം; ഡോ. ഉമർ മുഹമ്മദിന്റെ വീട് തകർത്ത് സുരക്ഷാ ഏജൻസികൾ, ഉമർ ഭീകര സംഘടനയുടെ ഭാഗമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം നടത്തിയ ഡോ. ഉമർ മുഹമ്മദിന്റെ വീട് തകർത്ത് സുരക്ഷാ ഏജൻസികൾ. പുൽവാമയിലെ വീടാണ് സുരക്ഷാ ഏജൻസികൾ തകർത്തത്. ഇന്ന് പുലർച്ചെയാണ് വീട് തകർത്തത്. കുടുംബാംഗങ്ങളെ നേരത്തെ വീട്ടിൽനിന്ന് മാറ്റിയിരുന്നു. അതേസമയം ഉമർ ജയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഉമറിന്റെ ബന്ധുക്കളിൽ ചിലർ പൊലീസ് കസ്റ്റഡിയിലാണ്. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമർ ആണെന്ന് കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കി സ്‌ഥിരീകരിച്ചിരുന്നു. ചെങ്കോട്ട കാർ സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നാലു നഗരങ്ങളിൽക്കൂടി ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. ഡോ. ഉമറും അറസ്‌റ്റിലായ ഡോ. മുസമിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. ആദിൽ അഹമ്മദ് എന്നിവരും സ്വിറ്റ്സർലൻഡിലെ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

അതിനിടെ സ്‌ഫോടനക്കേസുമായി ബന്ധമുള്ള ഡോ. ഉമര്‍ മുഹമ്മദ്, ഡോ. മുസമ്മില്‍ സയീദ് എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഡോ. ഉമര്‍ മുഹമ്മദ് അന്തര്‍മുഖനായിരുന്നുവെന്നും തന്റെ ക്ലാസുകളില്‍ ‘താലിബാന്‍ മാതൃക’ നടപ്പിലാക്കിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Read more