അമിത്ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം. അമിത്ഷാ കൊലപാതക കേസ് പ്രതി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 2018ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് കേസ് ഫയല്‍ ചെയ്തത്.

ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ കേസില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയാണ് രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം നല്‍കിയത്. അതേ സമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, ജിതേന്ദ്ര സിംഗ്, അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ, കനയ്യ കുമാര്‍ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.