സൈറസ് മിസ്ത്രിയുടെ മരണം; പുതിയൊരു തീരുമാനമെടുത്തെന്ന് ആനന്ദ് മഹീന്ദ്ര

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനും വ്യവസായിയുമായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തെത്തുടര്‍ന്ന് പുതിയൊരു തീരുമാനമെടുത്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സൈറസ് മിസ്ത്രി അപകട സമയം വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നെന്നും ആ സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആനന്ദ് മഹീന്ദ്ര പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

‘കാറില്‍ ഇരിക്കുമ്പോഴെല്ലാം, അത് പിന്‍സീറ്റിലിരിക്കുമ്പോഴാണെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. കൂടാതെ ആ പ്രതിജ്ഞയെടുക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. നമ്മള്‍ എല്ലാവരും നമ്മുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു’ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റില്‍ പറയുന്നു.

സഞ്ചരിച്ചിരുന്ന കാറിന്റെ അമിത വേഗതയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമാണ് സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത രണ്ട് കാരണങ്ങളെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. മിസ്ത്രിയും നാല് സഹയാത്രികരും സഞ്ചരിച്ചിരുന്നത് മെഴ്‌സിഡസ് ബെന്‍സ് എസ്.യു.വിയിലാണ്.

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണിത്. ആന്റി ലോക്ക് ബ്രേക്ക് മുതല്‍ സ്റ്റെബിലിറ്റി കണ്‍ട്രോളും മുട്ടിനും തലക്കും സുരക്ഷ നല്‍കുന്ന എയര്‍ബാഗുകള്‍വരെ വാഹനത്തിലുണ്ട്. എന്നാല്‍ അപകടത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതോടെയാണ് മിസ്ത്രിക്ക് മാരകമായ പരിക്കുകള്‍ ഏറ്റത്.