ഒന്നര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍, ഒമൈക്രോണ്‍ 3,623

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.77 ശതമാനമാണ്.

327 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,83,790 ആയി. 40,863 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.98 ശതമാനമാണ്. നിലവില്‍ 5,90,611 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് വാക്‌സിനേഷന്‍ 151.58 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുട്ടികളുടെ വാക്‌സിനേഷന്‍ തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 15 മുതല്‍ 18 വയസ്സിനിടയിലുള്ള 2 കോടിയിലധികം കൗമാരക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

രാജ്യത്തെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 3,623 ആയി ഉയര്‍ന്നിട്ടുണ്ട്. 1,409 പേര്‍ രോഗ മുക്തരായി. മഹാരാഷ്ട്രയില്‍ ആണ് 1,009 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി 513, കര്‍ണ്ണാടക 441, രാജസ്ഥാന്‍ 373, കേരളം 333, ഗുജറാത്ത് 204, തമിഴ്‌നാട് 185 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ ബാധിതര്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

അതേസമയം രാജ്യത്ത് ഫെബ്രുവരി ഒന്നിനും 15 നും ഇടയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി. നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗ പകര്‍ച്ചാ നിരക്ക് ( ആര്‍ വാല്യൂ) ഈ ആഴ്ച 4 ആയി ഉയര്‍ന്നിട്ടുണ്ട്. മൂന്നാം തരംഗം ഫെബ്രുവരിയില്‍ അതിരൂക്ഷമാകും എന്നാണ് ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാക്കുന്നത്.

വാക്സിനേഷന്‍ നിരക്ക് കൂടിയെങ്കിലും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നത് കുറവാണ്. ആദ്യ തരംഗത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ധാരാളം കേസുകള്‍ ഉണ്ടായിട്ടും ഇതുവരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതോടെ രോഗ പകര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ ആകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.