'നിസർ​ഗ' അതിതീവ്ര ചുഴലിയാകും; മുംബൈയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത

മഹാരാഷ്ട്ര- ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന നിസർഗ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ അതിതീവ്രമാകുമെന്ന് കാലാവസ്ഥാ വിഭാഗം. മഹാരാഷ്ട്ര ​ഗുജറാത്ത് തീരങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചിട്ടുള്ളത്.

മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ്‌ ജില്ലയിലെ അലിബാഗിനു സമീപം കരയിൽ തൊടുന്ന ചുഴലി മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും. റായ്ഗഢ്, പാൽഘർ, താനെ, മുംബൈ ജില്ലകളിൽ കനത്തനാശം വിതയ്ക്കും. മുന്നറിയിപ്പു കണക്കിലെടുത്ത് മുംബൈയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 120 വര്‍ഷത്തിനു ശേഷമാണ് മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത്.

കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 11.5 സെന്റീമീറ്റർ വരെയുള്ള ശക്തമോ, 20.4 സെൻറീമീറ്റർ വരെ അതിശക്തമോ ആയ മഴ പെയ്യും. ശനിയാഴ്ച വരെ കനത്ത മഴ തുടരും. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും. മീൻപിടുത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.