ശ്രീലങ്കയിലെ പ്രതിസന്ധി: ഇന്ത്യ 40,000 ടണ്‍ ഡീസല്‍ അയച്ചു

പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് 40,000 ടണ്‍ ഡീസല്‍ ഇന്ത്യ എത്തിച്ചതായി റിപ്പോര്‍ട്ട്. ദിവസങ്ങളായി വിതരണം മുടങ്ങിക്കിടന്ന നൂറുകണക്കിന് ഇന്ധന സ്റ്റേഷനുകളിലേക്ക് ഇവ ഉടന്‍ കൈമാറും. വൈകുന്നേരത്തോടെ ഇന്ധന വിതരണം പുനരാരാംഭിക്കുമെന്നാണ് വിവരം.

ശ്രീലങ്കയിലേക്ക് അരി കയറ്റി അയക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും 1 ബില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാന ഭക്ഷ്യസഹായമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ദ്ധിച്ച വില കുറയ്ക്കാന്‍ ഇത് ലങ്കന്‍ സര്‍ക്കാരിന് സഹായകമാകും.

അതേസമയം സമ്പദ്രംഗം തകര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഗോടബയ രാജപക്സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രസിഡന്റിന് സമ്പൂര്‍ണ അധികാരം നല്‍കും. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധമുയര്‍ന്നത് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യമാണ് രാജ്യം നേരിടുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഉള്‍പ്പടെ ഗുരുതരമായ ക്ഷാമമാണ് നേരിടുന്നത്. രാജ്യത്തെ 22 ദശലക്ഷം ആളുകളാണ് ദുരിതത്തിലായത്.