ക്രിമിനല്‍ നിയമ ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍; ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ; ഹിറ്റ് ആന്റ് റണ്ണിന് കടുത്ത ശിക്ഷ

ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ എന്നിവ ഇന്നലെ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. പാര്‍ലമെന്റിലെ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ഇന്ത്യ മുന്നണി ഇന്ന് മാധ്യമങ്ങളെ കാണും.

പ്രതിപക്ഷമില്ലാത്ത സഭയില്‍ എത്രയും പെട്ടെന്ന് പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലോക്‌സഭയില്‍ മൂന്ന് ക്രിമിനല്‍ നിയമങ്ങളും പൊളിച്ചെഴുതുന്ന ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. പാസാക്കിയ മൂന്ന് നിയമങ്ങള്‍ക്കൊപ്പം ടെലി കമ്മ്യൂണിക്കേഷന്‍ ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും.

പുതിയ ബില്ലുകള്‍ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടാല്‍ മൂന്ന് മുതല്‍ 14 ദിവസത്തിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസുകളില്‍ 14 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണം. പുതിയ നിയമപ്രാകാരം ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശിപാര്‍ശ ചെയ്യുന്നുണ്ട്.

മനുഷ്യക്കടത്ത് നിയമങ്ങള്‍ക്ക് ലിംഗഭേദമില്ലാതാക്കി. വാഹനാപകടത്തില്‍ പരിക്കേറ്റയാളെ അതേ ഡ്രൈവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയാല്‍ ശിക്ഷയില്‍ ഇളവ്. ഹിറ്റ് ആന്റ് റണ്‍ കേസിന് കടുത്ത ശിക്ഷ ലഭിക്കും.