ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ വ്യാജൻ പിടിയിൽ, സംഘത്തിൽ അഞ്ച് മലയാളികൾ

ദേശീയ കുറ്റാന്വേഷണ ബ്യൂറോയുടെ പേരിലും വ്യാജസംഘം വിലസുന്നു. മലയാളികള്‍ ഉള്‍പ്പെട്ട ഈ വ്യാജ അന്വേഷണസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറി എടുത്ത സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു.ഇതേപേരില്‍ ബോര്‍ഡ് വെച്ച ഇവരുടെ വാഹനവും പൊലീസ് പിടികൂടിയിട്ടുണ്ട്.

പത്ത് വർഷമായി ഈ സമാന്തര അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നതായാണ് പൊലീസിന് കിട്ടിയ വിവരം. 4000 രൂപ നൽകിയാൽ ഏജന്‍സിയില്‍ ആർക്കും ചേരാം. ഇവര്‍ക്ക് ബംഗളൂരുവില്‍ ഓഫീസ് ഉണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇവര്‍ എന്തിനാണ് മംഗളൂരുവില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങളൊന്നും പൊലീസ് പുറത്തു വിട്ടില്ല. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് മംഗളൂരുവില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ അന്വേഷണസംഘം പിടിയിലായത്.