സി.പി.എം പാർട്ടി കോൺഗ്രസ് ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ

സിപിഎം പാർട്ടി കോൺഗ്രസ് തീയതികൾ പ്രഖ്യാപിച്ചു. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക. ഹൈദരാബാദിൽ സിപിഎം കേന്ദ്രകമ്മിറ്റി കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരികയായിരുന്നു. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിർത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചായിരുന്നു മൂന്ന് ദിവസമായി ചേർന്ന യോഗം ചർച്ച ചെയ്തത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലടക്കം ജനാധിപത്യ മതേതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ‌യോഗം അഭിപ്രായപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേൽ നടന്ന ച‍ർച്ചകള്‍ക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറഞ്ഞു.

കരട് രാഷ്ട്രീയ പ്രമേയത്തിന് സി കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നാണ് രാഷ്ട്രീയ പ്രമേയം. ഇടത് ബദൽ വളർത്തിക്കൊണ്ടുവരണമെന്നാണ് തത്വത്തിൽ തീരുമാനമായത്. ദേശീയതലത്തിൽ ഒരു മുന്നണി രൂപീകരണം ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് സഖ്യങ്ങൾ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാനതലത്തിലാകും ഉണ്ടാകുക. ബംഗാൾ മാതൃകയിലുള്ള സഖ്യം ഇനി വേണോ എന്ന കാര്യത്തിൽ അതാത് സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂ.