കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം: അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണമാണ് പൂര്‍ത്തിയായത്. റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഉടന്‍ കൈമാറിയേക്കും. അപകടം നടന്നത് മോശം കാലവസ്ഥ കാരണമുള്ള പിഴവാകാം എന്നാണ് നിഗമനം. അപകടം പെട്ടെന്ന് ഉണ്ടായതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്ക് ശേഷം പ്രസിദ്ധീകരിക്കും.കുനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും, ഭാര്യ മധുലിക റാവത്തും, മലയാളി സൈനികന്‍ പ്രദീപ് കുമാര്‍ ഉള്‍പ്പടെ 14 പേരായിരുന്നു കൊല്ലപ്പെട്ടത്.

ഡിസംബര്‍ എട്ടിനായിരുന്നു അപകടം സംഭവിച്ചത്. ഊട്ടി കുന്നൂരിനു സമീപം വ്യോമസേനയുടെ എംഐ 17വി 5 ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ സ്റ്റാഫ് കോളജിലെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു യാത്ര. അപകടത്തില്‍ ഗുരുതര പൊള്ളലുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചിരുന്നു.

Read more

അതിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സന്ദര്‍ശിച്ചു. അദ്ദേഹം പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും, പ്രദീപിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകും ചെയ്തു.