മധ്യപ്രദേശ് കോൺഗ്രസിൽ ഭിന്നതകൾ,സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; കമല്‍നാഥിന്റെ വസതിക്കു മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി പ്രവ്ര‍ർത്തകർ

തെര‍ഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മധ്യപ്രേദശ് കോൺഗ്രസിൽ തലവേദന ഉയരുകയാണ്. പാർട്ടിയിൽ വിമത നീക്കങ്ങൾ തുടരുന്നതാണ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ഹുസൂര്‍ നിയമസഭാ മണ്ഡലത്തിൽ നിശ്ചയിച്ച സ്ഥാനാർ‌ത്ഥിയെ മാറ്റണമെന്നാണ് ആവശ്യം. ഇതിന്റെ പേരിലാണ് പുതിയ പ്രതിഷേധങ്ങൾ.

സ്ഥാനാർ‌ത്ഥിയെ മാറ്റണം എന്ന ആവശ്യം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിന്റെ ഭോപ്പാലിലെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഹനുമാന്‍ ചാലിസ ചൊല്ലിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കമല്‍നാഥ് കടുത്ത ഹനുമാന്‍ ഭക്തനാണെന്നും അങ്ങനെയെങ്കിലും ഞങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കുമെന്നതിനാലാണ് ഹനുമാന്‍ ചാലിസ ചൊല്ലിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ഹുസൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത് നരേഷ് ഗ്യാന്‍ചന്ദാനിയെയാണ്.

കമല്‍നാഥ് തന്നെ ഹുസൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. വെന്റിലേറ്ററില്‍ കിടക്കുന്നയാള്‍ക്കാണ് പാര്‍ട്ടി ഇപ്പോള്‍ ടിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ എത്ര ശ്രമിച്ചാലും സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനാകില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലും പ്രതിഷേധം ഉയര്‌‍ന്നിരുന്നു.നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍.