രമേശ് ചെന്നിത്തലയുടെ പലസ്തീന്‍ വാദത്തില്‍ 'കുത്തി' ബിജെപി; തറരാഷ്ട്രീയം പുറത്തെടുത്തിരിക്കുന്നു; ഭരണകക്ഷി മാന്യത കാണിക്കണം; ആഞ്ഞടിച്ച് കോണ്‍ഗ്രസ്

പലസ്തീന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നു കോണ്‍ഗ്രസ്. യുദ്ധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയെടുത്ത നിലപാടിനെച്ചൊല്ലി ബിജെപി തറരാഷ്ട്രീയം പുറത്തെടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. പ്രവര്‍ത്തകസമിതിയുടെ പ്രമേയത്തില്‍ പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനെതിരെ ബിജെപി അവാസ്ഥവമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

എന്നാല്‍, ഭരണകക്ഷി കുറച്ചുകൂടി മാന്യത കാണിക്കണം. കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിനു പകരം യുദ്ധമുഖത്തു കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പം എക്കാലവും കോണ്‍ഗ്രസ് നിലകൊണ്ടിട്ടുണ്ടെന്ന രമേശ് ചെന്നിത്തല, സയീദ് നസീര്‍ ഹുസൈന്‍ എന്നിവരുടെ വാദം ബിജെപി പ്രചരണ ആയുധമാക്കിയിരുന്നു. രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ച് പ്രവര്‍ത്തകസമിതി ഇക്കാര്യം പ്രമേയത്തിലുള്‍പ്പെടുത്തിയത്. എന്നാല്‍, ശശി തരൂര്‍ അടക്കമുള്ള ഏതാനും നേതാക്കള്‍ അതിനോട് യോഗത്തില്‍ വിയോജിച്ചിരുന്നു. ഇത് ബിജെപി ഏറ്റെടുക്കുകയും കോണ്‍ഗ്രസ് തീവ്രവാദികളെ പിന്തുണയ്ക്കുകയുമാണെന്ന് ആരോപണം ഉയര്‍ത്തിയിരുന്നു.