കര്‍ണാടകയില്‍ ഹിജാബ് വിഷയത്തില്‍ വാക്ക് പാലിച്ച് കോണ്‍ഗ്രസ്; സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മത്സര പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചെത്താം

കര്‍ണാടകയില്‍ ഹിജാബ് വിഷയത്തില്‍ വാക്ക് പാലിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മത്സര പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചെത്താമെന്ന് ഇളവ് നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവ്.

അതേ സമയം കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകളിലും ഹിജാബിന് വിലക്കുണ്ടാവില്ലെന്ന് ഉത്തരവില്‍ പറയുന്നു. മറ്റ് പരീക്ഷകളില്‍ നിന്ന് ഹിജാബിന് നിലവിലുള്ള വിലക്ക് വഴിയെ നീക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ഹിജാബ് വിഷയത്തില്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ ഇതിനായി ഭരമഘടനാപരമായ നടപടികള്‍ വേണമെന്നും വ്യക്തമാക്കി. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ ചിഹ്നങ്ങള്‍ ധരിച്ചെത്തുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. അന്ന് സംസ്ഥാനത്ത് ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാര്‍ച്ചില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വിഷയം എത്തിയെങ്കിലും കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഇതോടെ കര്‍ണാടകയിലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനമായി മാറി ഹിജാബ് നിരോധനം നീക്കുമെന്നത്.