മകരസംക്രാന്തി ആഘോഷം: ആന്ധ്രയില്‍ അനധികൃത കോഴിപ്പോരില്‍ കൈമാറ്റം ചെയ്തത് 1000 കോടിരൂപ

മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച് ആന്ധ്രപ്രദേശിലെ വിവിധ സ്ഥലങ്ങളിലായി നടന്ന അനധികൃത കോഴിപ്പോരില്‍ 1000 കോടിയോളം രൂപ പന്തയത്തുക കൈമാറ്റം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കോഴിപ്പോരിന് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി നിലനില്‍ക്കെയാണ് ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായി കോഴിപ്പോര് സംഘടിപ്പിച്ചത്.

വിശാഖപട്ടണം, കൃഷ്ണ,വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വന്‍തുക പന്തയം വച്ച് കോഴിപ്പോര് നടത്തിയത്. ഗോദാവരി ജില്ലയില്‍ മാത്രം 500 കോടി രൂപയും കൃഷ്ണ ജില്ലയില്‍ 100 കോടിയും പന്തയത്തുകയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ആന്ധ്രയുടെ വടക്കന്‍ തീരപ്രദേശങ്ങളില്‍ 925 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 326 കേസുകളില്‍ 1141 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 520 കേസ് പന്തയക്കാര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോദാവരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

അതേസമയം അനധികൃതമായി കോഴിപ്പോര് നടത്തുന്നവര്‍ക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്നും, കുറച്ച് കേസുകള്‍ മാത്രം എടുത്തുകൊണ്ട് പൊലീസ് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുകയാണെന്നും ആരോപിച്ച് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.