വിശ്വാസം തെളിയിച്ച് ചംപയി സോറൻ; ജാർഖണ്ഡിൽ അധികാരത്തിൽ തുടരും

ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യ സർക്കാർ അധികാരത്തിൽ തുടരും. വിശ്വാസ വോട്ടെടുപ്പിൽ 29 വോട്ടിന് 47 വോട്ടു നേടിയാണ് ചംപയി സോറൻ ഭൂരിപക്ഷം തെളിയിച്ചത്. സർക്കാരിന് 41 വോട്ടായിരുന്നു ഭരണം നിലനിർത്താൻ വേണ്ടിയിരുന്നത്. 81 അംഗ നിയമസഭയിൽ 47 വോട്ടുകൾ സർക്കാർ നേടി.

മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും റായ്പൂരിലെ നിയമസഭയിൽ വിശ്വാസവോട്ടിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് സഭയിൽ സംസാരിച്ച മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ താനിവിടെ കണ്ണുനീർ വീഴ്ത്താൻ വന്നതല്ലെന്നും ഇവിടെ ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും കണ്ണുനീരിന് വിലയില്ലെന്നും വികാരഭരിതനായി പറഞ്ഞു.

ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിലായതിന് പിന്നാലെ രാജിവച്ചതിനെ തുടർന്നാണ് ചംപയി സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവർണർ നിർദേശിച്ചിരുന്നത്.