രാജ്യത്തെ ഏറ്റവും ആസ്‌തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ നായിഡുവിന് 931 കോടിയുടെ ആസ്തിയുണ്ട്. ആസ്‌തിയിൽ രണ്ടാം സ്ഥാനത്ത് 332 കോടിയുള്ള അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ഡുവും മൂന്നാമത് 51 കോടിയുള്ള കർണാടകത്തിലെ സിദ്ധരാമയ്യയുമാണ്.
ഏറ്റവും കുറഞ്ഞ ആസ്‌തി 15 ലക്ഷം രൂപമാത്രമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. മമത കഴിഞ്ഞാൽ ആസ്തി കുറവുള്ളത് 55 ലക്ഷം രൂപ മാത്രമുള്ള ജമ്മു- കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മൂന്നാംസ്ഥാനം 1.18 കോടിയുള്ള പിണറായി വിജയനുമാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സംഘടനയാണ് മുഖ്യമന്ത്രിമാരുടെ സത്യവാങ്മൂലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
Read more
രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ 12 പേർ ക്രിമിനൽക്കേസ് നേരിടുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിൽത്തന്നെ പത്തുപേർ നേരിടുന്നത് ഗുരുതരമായ കേസുകളാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കാണ് (89) ഏറ്റവും കൂടുതൽ ക്രിമിനൽക്കേസുകളുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ പേരിൽ 47ഉം ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന് 19ഉം ക്രിമിനൽക്കേസുകളുണ്ട്. സിദ്ധരാമയ്യ (13), ഝാർഖണ്ഡിലെ ഹേമന്ദ് സോറൻ (അഞ്ച്) എന്നിവരാണ് തൊട്ടുപിന്നിൽ. പിണറായി വിജയനെതിരേ ലാവലിൻ ഉൾപ്പെടെ രണ്ടു കേസുകളാണ്. നിയമവിരുദ്ധമായി സംഘംചേരൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കുള്ളതാണ് രണ്ടാമത്തെ കേസ്.







