വരുണിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, അവൻ തിരിച്ച് വരും: കൊല്‍ക്കത്ത കോച്ച് അഭിഷേക് നായര്‍

മുംബൈക്കെതിരെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 6 വിക്കറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ മിസ്റ്ററി സ്പിന്നർ എന്ന് വിശേഷണമുള്ള വരുൺ ചക്രവർത്തിയുടെ മോശം ബോളിങ് പ്രകടനത്തിൽ വൻ ആരാധകരോഷമായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാൽ, ആ ആശങ്കകളെല്ലാം മാറ്റിവച്ച് താരത്തിന് പൂര്‍ണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ടീം മാനേജ്മെന്റ്.

‘കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വരുണ്‍ ചക്രവർത്തി ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഒരു ഫ്രാഞ്ചൈസി എന്ന നിലയിലും സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്ന നിലയിലും ഞങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. എതിര്‍ ടീമുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ നന്നായി തന്നെ നേരിടാൻ കഴിയുന്നുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന് തിരിച്ചുവരാന്‍ കഴിയില്ല എന്ന് അതിന് അർത്ഥമില്ല.’

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുണ്‍ ഇപ്പോള്‍ മാനസികമായി കൂടുതല്‍ കരുത്തനാണെന്നും കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ വരുണിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും താരം ഉടന്‍ തന്നെ തന്റെ താളം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.