ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; ബി.ജെ.പി ജില്ലാ നേതാവടക്കം അഞ്ചു പേര്‍ അറസ്റ്റില്‍; കടുത്ത വകുപ്പുകള്‍ ചുമത്തി

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ബിജെപി ജില്ലാ നേതാവടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ലദാക്ഷ്യ രൂപ്സായി, അങ്കിത് നന്തി, അതുല്‍ നെതാം, ദൊമന്‍ദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. സമൂഹത്തില്‍ കലാപശ്രമം നടത്താനുള്ള നീക്കമായാണ് പൊലീസ് ആക്രമണത്തെ കാണുന്നത്.

എപിസി 153 (എ), ഏതെങ്കിലും വര്‍ഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേല്‍പ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നതിനെതിരെയുള്ള ഐപിസി (295), കലാപം തടയാനുള്ള ഐപിസി (147 ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പള്ളി ആക്രമണത്തിന് നേതൃത്വം നല്‍കിയ കൂടൂതല്‍ പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇതിനിടെ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തിന് നാരായണ്‍പുര്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് തിങ്കളാഴ്ച ആദിവാസി സംഘടനയുടെ നേതൃത്വത്തില്‍ നാരായണ്‍പുരില്‍ ബന്ദ് നടത്തിയിരുന്നു.

ഇതിനിടെയാണ് ആക്രമണം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂള്‍ വളപ്പില്‍ നിര്‍മിച്ച പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. അതേസമയം ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്ന് ഉയരുന്നത്. നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുമ്പോള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസിന് അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്ന വിമര്‍ശനം ശക്തമാകുകയാണ്. സര്‍വ ആദിവാസി സമാജം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലയ്ക്കും പരുക്കേറ്റിരുന്നു. അക്രമികള്‍ വടികള്‍ കൊണ്ട് ഇദേഹത്തെ ആക്രമിക്കുകയായിരുന്നു.