മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും നാലാമത് 40,000 രൂപയും; ജനസംഖ്യ വർധനവിന് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയുമാണ് നൽകുക. ജനസംഖ്യാ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

കുട്ടികൾ ജനിച്ച ഉടനെ തന്നെ ഈ പണം കുടുംബങ്ങൾക്ക് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു മാസത്തിനകം ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകുന്നതായിരിക്കും. മുൻപ് ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോൾ ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ രണ്ടാമതായി ജനിക്കുന്ന കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുന്നത് സർക്കാർ പരിഗണിക്കുന്നതായി നായിഡു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

Read more