എബിവിപിയെ തൂത്തെറിഞ്ഞ് ഗുജറാത്ത് കേന്ദ്രസര്‍വ്വകലാശാല; ദളിത്, ഇടത് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം

നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണസായിലെ തോല്‍വിയുടെ കയ്പ്പാറും മുന്‍പ് ഗുജറാത്ത് കേന്ദ്രസര്‍വ്വകലാശാലയിലും എബിവിപിയ്ക്ക് കനത്ത തോല്‍വി. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ എബിവിപിയ്ക്കുണ്ടായ പരാജയം ബിജെപിയ്ക്ക തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാത്മ ഗാന്ധി കാശിവിദ്യാപീഠില്‍ എബിവിപി തോറ്റിരുന്നു.

ദലിത്, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് എബിവിപിക്ക് കനത്ത പരാജയമേല്‍പ്പിച്ചത്. ലിംങ്ദോ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ സംവിധാനമല്ല ഇവിടെയുള്ളത്. പകരം സ്റ്റുഡന്റ്സ് കൗണ്‍സിലാണുള്ളത്. ഓരോ സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തയ്ക്കും. ഒരു നോമിനേറ്റഡ് അംഗവുമുണ്ടാകും.

ദലിത് സംഘടനയായ ബാപ്സ (ബിര്‍സ-അംബേദ്കര്‍-ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍) ഇടതുപക്ഷ സംഘടനയായ എല്‍ഡിഎസ്എഫ് എന്നിവയ്ക്ക് പുറമെ എന്‍ എസ് യുവും ഒബിസി ഫോറവും സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ഇവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുവെങ്കിലും എബിവിപിക്കെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണ രംഗത്ത് ശക്തമായുണ്ടായിരുന്നു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് തുടങ്ങിയവയിലെല്ലാം വലിയ ഭൂരിപക്ഷത്തിനാണ് എബിവിപി സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രര്‍ പരാജയപ്പെടുത്തിയത്.

രാജ്യത്തെ അറിയപ്പെടുന്ന മൂന്ന് കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എബിവിപിക്ക് തുടര്‍ച്ചയായ തിരിച്ചടിയേറ്റിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഒന്നിന് പിറകെ ഒന്നായി എബിവിപി പരാജയമറിഞ്ഞത്. ഇതില്‍ ഡല്‍ഹി സര്‍വകലാശാല യൂണിയനില്‍ മാത്രമാണ് എബിവിപിക്ക് നേരത്തെ മേധാവിത്തമുണ്ടായിരുന്നതെങ്കിലും. എന്നാല്‍ ഈ മൂന്ന് സര്‍വകലാശാലയുടെ മാത്രം കാര്യം വച്ച് എബിവിപിയുടെ പരാജയം ചെറുതായി കാണാന്‍ കഴിയില്ല. കാരണം പരമ്പരാഗതമായി എബിവിപിയുടെ ശക്തികേന്ദ്രങ്ങളായിരുന്നവയും യൂണിയന്‍ ഭരണം നിയന്ത്രിച്ചിരുന്നതുമായ ഉത്തരേന്ത്യന്‍ സര്‍വകലാശാലകളില്‍ പലതും അവരെ കൈവിടുകയാണ്. എബിവിപി നിയന്ത്രിച്ചിരുന്ന അവരുടെ ശക്തികേന്ദ്രങ്ങള്‍ പഞ്ചാബ്, രാജസ്ഥാന്‍, ഉദയ്പൂര്‍ സര്‍വകലാശാലകളില്‍ യൂണിയന്‍ എബിവിപിക്ക് നഷ്ടമായിരുന്നു