ഡല്‍ഹിയില്‍ ഔദ്യോഗിക ബംഗ്ലാവൂകള്‍ അനധികൃതമായി കൈവശം വച്ചു; മലയാളി പത്രപ്രവര്‍ത്തകരടക്കമുള്ളവരെ നഗര വികസന മന്ത്രാലയം പുറത്താക്കി

ഡല്‍ഹിയില്‍ ഔദ്യോഗിക ബംഗ്ലാവുകളില്‍ അനധികൃതമായി താമസിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയവരില്‍ മലയാളികളടക്കം നൂറോളം മാധ്യമ പ്രവര്‍ത്തകരും കലാ-സംസ്‌കാരിക പ്രവര്‍ത്തകരും. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു അടുത്ത കാലത്തുണ്ടായ കൂട്ടപ്പുറത്താക്കല്‍. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ മലയാളികളടക്കമുള്ളവര്‍ പത്തു വര്‍ഷത്തിലേറെ അനധികൃതമായി താമസിച്ചതിനാല്‍ കോടിക്കണക്കിനു രൂപയാണ് പൊതുഖജനാവിനു നഷ്ടമുണ്ടായതെന്നാണ് വിലയിരുത്തല്‍.

അനധികൃത താമസത്തിനു മാസങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയതല്ലാതെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ഒന്നും ചെയ്തിട്ടില്ല. ഭരണ-രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന മലയാളികളടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് എന്‍.ഡി.എ സര്‍ക്കാറിന്റെ തീരുമാനം വിനയായത്. കേന്ദ്ര നഗരവികസന മന്ത്രിയായിരിക്കേ വെങ്കയ്യ നായിഡു കൈക്കൊണ്ട കടുത്ത നിലപാടാണ് അനധികൃത താമസം ഒഴിപ്പിക്കുന്നതില്‍ എത്തിച്ചത്.

ഡല്‍ഹിയിലെ ഏറ്റവും പോഷ് ഏരിയകളില്‍ സര്‍ക്കാര്‍ അനുവദിച്ച വീടുകളില്‍ നിന്നിറങ്ങാതെ വര്‍ഷങ്ങളായി തുടര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ മൂന്നു പേരാണ് മലയാളികകള്‍. എ.എസ്.സുരേഷ് കുമാര്‍ (മാധ്യമം), ജോര്‍ജ് അബ്രഹാം (ദീപിക),വി.വി.ബിനു ( മലയാള മനോരമ) എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട പട്ടികയിലുള്ള മലയാളി മാധ്യമ പ്രവര്‍ത്തകര്‍. മൊത്തം 26 കലാകാരന്മാരും 56 മാധ്യമ പ്രവര്‍ത്തകരുമാണ് പട്ടികയിലുള്ളത്.

യുപിഎ സര്‍ക്കാരിന്റെ ആദ്യകാലങ്ങളില്‍ ഡല്‍ഹിയില്‍ വീടൊപ്പിച്ച മലയാളി മാധ്യമ പ്രവര്‍ത്തകര്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷവും വീടുകള്‍ വിട്ടിറങ്ങാതെ വന്നതോടെയാണ് വെങ്കയ്യ നായിഡു കര്‍ശന നടപടി സ്വീകരിച്ചത്.

1970കളിലും എണ്‍പതുകളിലും വരെ വീടു ലഭിച്ച ചില പത്രക്കാര്‍ അടക്കം നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സൗജന്യം വിട്ടുകൊടുക്കാതെ തുടരുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഇത്തരക്കാരെ പുറത്താക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. പത്രക്കാര്‍ക്ക് പുറമേ കലാകാരന്മാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, മുന്‍ എംപിമാര്‍ എന്നിവരും സര്‍ക്കാര്‍ ഭവനങ്ങള്‍ വിട്ടുനല്‍കാതെ സ്വന്തമാക്കി വെച്ചിരുന്നു.

പണ്ടാര റോഡ്, ആര്‍.കെ പുരം, ബാപാ നഗര്‍, ഹഡ്കോ പ്ലേസ്, കാക്കാ നഗര്‍, ആണ്ട്രൂസ് ഗഞ്ച് എക്സ്റ്റന്‍ഷന്‍ എന്നിവടങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഭവനങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നത്.
ടൈപ്പ്4, ടൈപ്പ് അഞ്ച്, ടൈപ്പ് ആറ് വിഭാഗം സര്‍ക്കാര്‍ ഫ്ളാറ്റുകളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിരുന്നത്. ഇരുപതിനായിരം മുതല്‍ 25000 വരെ ശമ്പളം ലഭിക്കുന്നവര്‍ക്ക് ആദ്യ കാറ്റഗറിയിലും അമ്പതിനായിരം രൂപ വരെ ലഭിക്കുന്നവര്‍ക്ക് രണ്ടാമത്തെ കാറ്റഗറിയിലുമാണ് വീടുകള്‍ ലഭിച്ചിരുന്നത്. ആദ്യ കാറ്റഗറിയില്‍ അഞ്ചു വര്‍ഷവും രണ്ടാം കാറ്റഗറിയില്‍ മൂന്നുവര്‍ഷത്തേക്കുമാണ് വീടുകള്‍ അനുവദിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളിലെ മുതിര്‍ന്ന മലയാളി പത്രക്കാര്‍ വന്‍തുക ശമ്പളം ലഭിക്കുമ്പോഴും കുറഞ്ഞ ശമ്പളം കാണിച്ച് വീടുകള്‍ തരപ്പെടുത്തി വെയ്ക്കുകയായിരുന്നുവത്രേ.