'ഭരണഘടനാ ഹത്യ ദിവസ്' ആചരിക്കുമെന്ന് കേന്ദ്രം; പ്രതിഷേധവുമായി കോൺഗ്രസ്, പത്ത് വര്‍ഷത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഖാർഗെ

അടിയന്തരാവസ്ഥയിലേക്ക് വീണ്ടും ചർച്ചകൾ വഴി തിരിച്ചുവിട്ട് കേന്ദ്രസർക്കാർ. 1975 ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത് ഇന്നലെയാണ്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്.

ഭരണഘടന ഹത്യ എന്ന വാക്ക് ഉപയോഗിച്ചത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു. കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടന ഹത്യാദിനം ആഘോഷിക്കുകയായിരുന്നുവെന്നും ഖാർഗെ പറഞ്ഞു. ഭരണഘടനെ ബഹുമാനിക്കുന്ന ആര്‍ക്കും ഭരണഘടന ഹത്യാ ദിവസമെന്ന് പേരിടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും കുറ്റപ്പെടുത്തി.

10 വര്‍ഷത്തെ മോദി ഭരണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയും തിരഞ്ഞെടുപ്പ് കാലത്തെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുമാണ് ഖര്‍ഗെയുടെ എക്സ് പോസ്റ്റ്. നോട്ടുനിരോധനം മുതല്‍ കോവിഡ് കാലത്തെ ലോക് ഡൗണും മണിപ്പുര്‍ കലാപവും വരെ മോദി സര്‍ക്കാരിന്റെ കാലത്തെ ഭരണഘടനാ ലംഘനങ്ങളാണെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന നടപടികള്‍, ഇലക്ടറല്‍ ബോണ്ട്, പാര്‍ലമെന്റില്‍ 146 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത് എന്നിവയും ഭരണഘടനാ ലംഘനങ്ങളാണെന്ന് മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സമൂഹ മാധ്യമ പോസ്റ്റില്‍ ഖര്‍ഗെ പറയുന്നു.

അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരത ഓർമിപ്പിക്കാൻ ആണ് പുതിയ പ്രഖ്യാപനമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട ഘട്ടം ആയിരുന്നു അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.

നേരത്തെ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരാവസ്ഥയെ ഇരുണ്ട അധ്യായമെന്നാണ് വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർല സഭയിൽ പ്രമേയം വായിച്ചതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Read more