ഹിമാചലിലെ കുളുവിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു: കുട്ടികളടക്കം 16 പേർ മരിച്ചു

‍ഹിമാചൽ പ്രദേശിലെ കുളുവിൽ ബസ് അപകടം. കുട്ടികളടക്കം 16 പേർ മരിച്ചു. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപത്തു വെച്ച് നിയന്ത്രണം വിട്ട് ​ഗർത്തത്തിലെയ്ക്ക് മറിയുകയായിരുന്നു വെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു.

പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുന്ന സമയത്ത് 40 ഓളം വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.

ജില്ലാ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തെ തുടർന്ന് ബസ് പൂർണമായും തകർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്