ഫര്‍ണീച്ചറുകള്‍ക്കും ചെരുപ്പിനും വില കൂടും; പഞ്ചസാരയ്ക്കും മദ്യത്തിനും വില കുറയും

പാദരക്ഷകളുടെയും ഫര്‍ണീച്ചര്‍ ഉല്‍പ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ ഉയര്‍ത്തി. പാദരക്ഷകളുടെ കസ്റ്റംസ് തീരുവ നിലവിലെ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഫര്‍ണീച്ചര്‍ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്താനും ബജറ്റില്‍ നിര്‍ദേശിക്കുന്നു. ഇതോടെ ഇവ രണ്ടിന്റെയും വില ഉയരും.

മെഡിക്കല്‍ ഉപകരണങ്ങള്‍, വാള്‍ ഫാനുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവയും കൂട്ടി. മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് അഞ്ചുശതമാനം ആരോഗ്യ സെസ് ഏര്‍പ്പെടുത്തും. ഇരുമ്പ്, സ്റ്റീല്‍, ചെമ്പ്, കളിമണ്‍ പാത്രങ്ങളുടെ തീരുവയും ഇരട്ടിയാക്കി. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങളുടെ ഘടക ഉല്‍പ്പന്നങ്ങള്‍, കെമിക്കല്‍സ് തുടങ്ങിയവയുടെ കസ്റ്റംസ് തീരുവയും ഉയര്‍ത്തി. സിഗരറ്റ് ഉള്‍പ്പെടെയുളള പുകയില ഉല്‍പ്പനങ്ങള്‍ക്ക് എകൈസ് തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്.

ന്യൂസ് പ്രിന്റിന്റെ കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമാക്കി.
പഞ്ചസാര, സ്‌കിംഡ് മില്‍ക്, ചിലയിനം മദ്യങ്ങള്‍, സോയ-തീരുവ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഫ്യൂസ്, കെമിക്കല്‍സ്, പ്ലാസ്റ്റിക്സ് എന്നിവയുടെ കസ്റ്റംസ് തീരുവയും കുറച്ചു.