ഗോമൂത്രം സ്തനാര്‍ബുദം മാറ്റിയെന്ന് സാധ്വി പ്രജ്ഞ; ബി.ജെ.പിയുടെ ആരോഗ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പരിഹാസവുമായി പ്രതിപക്ഷം

ഗോമൂത്രം കുടിച്ചതിനെ തുടര്‍ന്ന് തന്റെ സ്തനാര്‍ബുദം മാറിയെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മുംബൈയിലെ കാന്‍സര്‍ രോഗ വിദ്ഗധന്മാര്‍ സാധ്വി പ്രജ്ഞ നടത്തിയ പ്രസ്താവനയെ തള്ളിക്കളഞ്ഞതായി ഒവൈസി അവകാശപ്പെട്ടു.

ബിജെപി ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല വഹിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി. സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ അധിക ചുമതലയും അവര്‍ക്ക് നല്‍കാം. പക്ഷേ പ്രധാനമന്ത്രി മോദിക്ക് അത് കാണാനുള്ള ഭാഗ്യം ലഭിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോമൂത്ര മിശ്രിതവും പശുക്കളില്‍ നിന്ന് ലഭ്യമാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പ്പന്നങ്ങളുമാണ് തന്റെ സ്തനാര്‍ബുദം ഭേദമാക്കിയതെന്ന് സ്വാധി പറഞ്ഞത്. ഒരാളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പശുവിനെ ഒരു പ്രത്യേക രീതിയില്‍ തടവിയാല്‍ മതി. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാവും. തെറ്റായി ചെയ്താല്‍ രക്തസമ്മര്‍ദ്ദം മാറില്ലെന്നും സ്വാധി പറഞ്ഞിരുന്നു.

മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ സ്വാധി ജനവിധി തേടുന്നത് കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെതിരെയാണ്.